കാത്തിരിപ്പിനൊടുവിൽ നോർത്ത് ഈസ്റ്റ് വിജയവഴിയിൽ; സൂപ്പർ മച്ചാൻസിന് കണ്ണുനീർ
ഐ.എസ്.എൽ പത്താം സീസണിലെ ഒമ്പതാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈയിൻ എഫ് സിയെ തോൽപിച്ചു.
നീണ്ട 11 മത്സരങ്ങൾക്ക് ശേഷമാണ് നോർത്ത് ഈസ്റ്റ് വിജയം സ്വന്തമാക്കുന്നത്. നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുഹാവട്ടി ഇന്ദിരാഗാന്ധി അത്ലെറ്റിക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും 4-2-3-1 എന്ന ഫോർമേഷനിലാണ് കളത്തിലിറങ്ങിയത്.
മത്സരത്തിന്റെ 43ാം മിനിട്ടിൽ പാർത്തിബ് ഗോഗൊയ് നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. പെനാൽട്ടി ബോക്സിന് പുറത്തുനിന്നും താരം പോസ്റ്റിലേക്ക് ബുള്ളറ്റ് പായിക്കുകയായിരുന്നു. ഒടുവിൽ ആദ്യ പകുതി പിന്നിടുമ്പോൾ ആതിഥേയർ 1-0 ത്തിന് മുന്നിട്ടുനിൽക്കുകയായിരുന്നു.
രണ്ടാം പകുതി തുടങ്ങി 48ാം മിനിട്ടിൽ നോർത്ത് ഈസ്റ്റ് മത്സരത്തിൽ രണ്ടാം ലീഡ് നേടി. ചെന്നൈയുടെ പ്രതിരോധത്തെ വിള്ളലേൽപ്പിച്ചുകൊണ്ട് കോൻസം ഫൽഗുനി സിങ് ഗോൾ നേടുകയായിരുന്നു. പെനാൽട്ടി ബോക്സിലേക്ക് വന്ന ക്രോസിൽ നിന്നും ഫസ്റ്റ് ടച്ചിലൂടെ താരം ഗോൾ നേടുകയായിരുന്നു.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ അഷീർ അക്തറിലൂടെ ഹൈലാൻഡേർസ് മൂന്നാം ഗോൾ നേടി. പെനാൽറ്റി ബോക്സിന്റെ പുറത്തു നിന്നും പന്ത് ലഭിച്ച താരം പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വിജയം ആതിഥേയർക്കൊപ്പമായിരുന്നു.
ഈ സീസണിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആദ്യ വിജയമാണിത്. കഴിഞ്ഞ സീസണിലെ അവസാന പത്ത് മത്സരങ്ങളിലും വിജയം നേടാൻ ടീമിന് സാധിച്ചിരുന്നില്ല. നീണ്ട കാലങ്ങൾക്ക് ശേഷമുള്ള ഈ വിജയം ടീമിന് കൂടുതൽ ആത്മവിശ്വാസമാണ് നൽകുന്നത്.
ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്നും ഒരു ജയവും ഒരു തോൽവിയും അടക്കം മൂന്ന് പോയിന്റുമായി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്താൻ നോർത്ത് ഈസ്റ്റിന് സാധിച്ചു.
ഒക്ടോബർ ആറിന് ലീഗിലെ പുതുമുഖങ്ങളായ പഞ്ചാബ് എഫ്.സിയുമായാണ് നോർത്ത് ഈസ്റ്റിന്റെ അടുത്ത മത്സരം.
അതേസമയം ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈ എഫ്.സി ലീഗിൽ അവസാന സ്ഥാനത്താണ്. ഒക്ടോബർ ഏഴിന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സുമായാണ് സൂപ്പർ മച്ചാൻസിന്റെ അടുത്ത മത്സരം.
Content Highlight: North East United beat Chennaiyin FC 1-0 in the ISL.