നോയിഡ: പതഞ്ജലി ഗ്രൂപ്പിലെ ആചാര്യ ബാല്‍കൃഷ്ണയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി അശ്ലീല സംഭാഷണങ്ങളിലേര്‍പ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുകയും സമൂഹമാധ്യമങ്ങള്‍ വഴി വ്യക്തികളെ ബുദ്ധിമുട്ടിക്കുകയും ചെയ്തതിനാണ് നോയിഡയില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സഹാരണ്‍പൂരിലെ ചില്‍കാനയില്‍ നിന്നുള്ള മുഹമ്മദ് സീഷനാണ് അറസ്റ്റിലായത്. വേദിക് ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ പ്രമോദ് ജോഷി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പതഞ്ജലി ആയുര്‍വദിന്റെ മാനേജിംഗ് ഡയറക്ടറും വേദിക് ബ്രോഡ്കാസ്റ്റിംഗിന്റെ പ്രമോട്ടറുമാണ് ആചാര്യ ബാലകൃഷ്ണ.
“ബാലകൃഷ്ണയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയയാള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്ന വിധത്തില്‍ അനുയായികളുമായി സമൂഹമാധ്യമങ്ങള്‍ വഴി സംവദിക്കുകയായിരുന്നു. അശ്ലീലവും ആഭാസകരവുമായ സംസാരരീതിയാണ് ഇയാളുടേത്. ബാലകൃഷ്ണയെന്ന വ്യാജേന ആളുകളുമായി ഇത്തരത്തില്‍ സംസാരിച്ച് അദ്ദേഹത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുകയാണ്.” ജോഷി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് സീഷന്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നെന്നും വേണ്ടത്ര തെളിവുകള്‍ ശേഖരിച്ചതിനു ശേഷമാണ് അറസ്റ്റു ചെയ്തതെന്നും സെക്ടര്‍ 20ലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനീഷ് കുമാര്‍ സക്‌സേന അറിയിച്ചു. വഞ്ചനയ്ക്കും ആള്‍മാറാട്ടത്തിനും മാനനഷ്ടത്തിനുമാണ് കേസെടുത്തിട്ടുള്ളത്. ഐ.ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഷെല്‍ കമ്പനികളില്‍ പതഞ്ജലി നടത്തിയിട്ടുള്ള കനത്ത നിക്ഷേപങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടയ്ക്കാണ് സീഷനെ അറസ്റ്റു ചെയ്തിരിക്കുന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കമ്പനിക്കെതിരെയും രാംദേവിനെതിരെയും അന്വേഷണം വേണമെന്ന മുറവിളികള്‍ ഉയരുന്നുമുണ്ട്.