'പിറന്നാളാഘോഷമാണ് മുഖ്യം, കൊവിഡല്ല'; നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഹൈവേ റോഡില്‍ കേക്ക് മുറിച്ച് മുന്‍ എം.എല്‍.എ
India
'പിറന്നാളാഘോഷമാണ് മുഖ്യം, കൊവിഡല്ല'; നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഹൈവേ റോഡില്‍ കേക്ക് മുറിച്ച് മുന്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th June 2020, 5:32 pm

ലഖ്‌നൗ: കൊവിഡ് എന്ന് കേട്ടിട്ടുപോലുമില്ലാത്ത പോലെയായിരുന്നു ഇന്നലെ ഉത്തര്‍പ്രദേശിലെ ഹൈവേയില്‍ നടന്ന ഒരു സംഭവം. മാസ്‌ക്കില്ല, സാമൂഹിക അകലമില്ല ആളുകള്‍ ഒത്തൂകൂടി ആര്‍പ്പുവിളിച്ച് ഒരു പിറന്നാളാഘോഷിക്കുകയാണ്, അതും മുന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍.

യു.പിലെ ദേബായിലെ മുന്‍ എം.എല്‍.എയായ ഭഗവാന്‍ ശര്‍മ ഗുഡ്ഡു പണ്ഡിറ്റാണ് കൊവിഡ് നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി അനുയായികളില്‍ ഒരാളുടെ ജന്മദിനം ആഘോഷിച്ചത്.

നോയിഡയിലെ കസ്‌ന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഹൈവേയില്‍ വെച്ചായിരുന്നു എം.എല്‍.എയുടെ പിറന്നാളാഘോഷം.

ഇതിന്റെ ലൈവ് വീഡിയോ അടക്കം സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. കാറിന്റെ ബോണറ്റില്‍ കേക്ക് വെച്ച് മഴു കൊണ്ടാണ് ഇദ്ദേഹം കേക്ക് മുറിക്കുന്നത്. ചുറ്റും ആള്‍ക്കൂട്ടം ഉണ്ട്. ആരും മാസ്‌ക് ധരിച്ചിട്ടില്ല.

അതേസമയം ഇത്തരമൊരു ഗുരുതര നിയമലംഘനത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ ആസൂത്രണം ചെയ്ത പരിപാടിയായിരുന്നില്ല ഇതെന്നും തന്നെ ഇഷ്ടപ്പെടുന്ന കുറച്ചാളുകള്‍ വളരെ അപ്രതീക്ഷിതമായി ചെയ്തതാണെന്നുമായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

ഭാര്യാമാതാവിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത് നോയിഡയിലേക്ക് മടങ്ങുകയായിരുന്നു ഞങ്ങള്‍. അതിനിടെയാണ് ചിലര്‍ വാഹനം തടഞ്ഞ് നിര്‍ത്തിയത്. കാറില്‍ നിന്ന് പുറത്തിറങ്ങി കാര്യം അന്വേഷിച്ചപ്പോള്‍ അനുയായികളില്‍ ഒരാളുടെ പിറന്നാള്‍ ആണെന്നും ഞാന്‍ കേക്ക് മുറിക്കണമെന്നും അവര്‍ പറഞ്ഞു. ഒഴിവുകഴിവുകള്‍ പറഞ്ഞുനോക്കിയെങ്കിലും അവര്‍ വിട്ടില്ല. കൊവിഡ് സാഹചര്യമൊക്കെ അവരോട് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ അവര്‍ പറയുന്നത് കേള്‍ക്കേണ്ടി വന്നു. അങ്ങനെ സംഭവിച്ചതാണ്’ , എന്നായിരുന്നു എം.എല്‍.എയുടെ വാദം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ