കഴിഞ്ഞ ദിവസം ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രെസിഡന്റ് നോയൽ ലാ ഗ്രാറ്റ് മുൻ ഇതിഹാസ താരം സിനദിൻ സിദാനെ അപകീർത്തിച്ച് പ്രസ്താവന നടത്തിയിരുന്നു. വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയ വിഷയത്തിന്റെ കെട്ടടങ്ങും മുമ്പേ സൂപ്പർ താരം കരിം ബെൻസെമയെയും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.
ജിറൂദിന്റെ സ്ഥാനത്ത് ബെൻസെമ ആയിരുന്നെങ്കിൽ ഗോളുകളുടെ എണ്ണം കുറയുമായിരുന്നു എന്നാണ് നോയൽ ലാ ഗ്രാറ്റ് പറഞ്ഞത്.
ബെൻസെമയുടെ കരിയറിനെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം മികച്ച താരമാണെന്നും പറഞ്ഞ ലാ ഗ്രാറ്റ് ബെൻസെമ ഉണ്ടായിരുന്നെങ്കിൽ ഒലിവർ ജിറൂദിന് കളിക്കാനാവുമായിരുന്നില്ലെന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. ഇതാദ്യമായല്ല ലാ ഗ്രാറ്റ് താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുന്നത്.
കഴിഞ്ഞ ദിവസം നോയൽ ലെ ഗ്രാറ്റാണ് ദെഷാംപ്സിന്റെ കരാർ തങ്ങൾ നീട്ടിയ കാര്യം ആരാധകരെ അറിയിച്ചത്. ഫ്രഞ്ച് ഇതിഹാസ ഫുട്ബോൾ താരമായ സിനദിൻ സിദാൻ ഫ്രഞ്ച് ടീമിന്റെ പരിശീലകനായി രംഗത്ത് വരും എന്ന് കരുതിയിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയായിരുന്നു ഇത്.
എന്നാൽ ദെഷാംപ്സിന്റെ കരാർ നീട്ടുന്ന കാര്യം അറിയിച്ചതിനൊപ്പം തൽക്കാലം സിദാനെ പരിശീലകനാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും, സിദാൻ വിളിച്ചാൽ ഫോൺ പോലും താൻ എടുക്കില്ലെന്നും നോയൽ ലെ ഗ്രാറ്റ് പറഞ്ഞത് ആരാധകരെ ചൊടിപ്പിച്ചിരുന്നു.
“പരിശീലക സ്ഥാനത്തിന് വേണ്ടി എന്നെയെങ്ങാനും സിദാൻ വിളിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഞാൻ ഫോൺ പോലും എടുക്കില്ല, വേറെ വല്ല ക്ലബ്ബോ,ദേശീയ ടീമോ കണ്ടെത്തുന്നതാകും അദ്ദേഹത്തിന് നല്ലത്,’ ഗ്രാറ്റ് കൂട്ടിച്ചേർത്തു.
എന്നാൽ ഗ്രാറ്റിന്റെ വാക്കുകൾ സിദാനെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ഇതിഹാസമാണെന്നും പ്രഖ്യാപിച്ച് നിരവധി ആരാധകരാണ് ഗ്രാറ്റിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉന്നയിക്കുന്നത്.