നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി; നോട്ടു നിരോധനത്തിനെ വിമര്‍ശിച്ച സാമ്പത്തിക വിദഗ്ധന്‍
national news
നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി; നോട്ടു നിരോധനത്തിനെ വിമര്‍ശിച്ച സാമ്പത്തിക വിദഗ്ധന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th October 2019, 7:33 pm

ഇന്ത്യന്‍ വംശജനായ സാമ്പത്തിക വിദഗ്ധന്‍ ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ നേടിയെന്ന് പറയുമ്പോള്‍ അതിനൊപ്പം പറയേണ്ടുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ പ്രകടന പത്രികയില്‍ പറഞ്ഞ ന്യായ് പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍.

ന്യായ് പദ്ധതി തയ്യാറാക്കാന്‍ സഹായിച്ചവരില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം. രണ്ട് രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ നോട്ടു നിരോധനത്തിനെ വിമര്‍ശിച്ച സാമ്പത്തിക വിദഗ്ധന്‍.

രാജ്യത്തെ 20 ശതമാനത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്നതാണ് ന്യായ് എന്ന പദ്ധതി. ചുരുങ്ങിയത് 2500 രൂപ പ്രതിമാസം നല്‍കുന്ന രീതിയിലാണ് അഭിജിത് പദ്ധതി വിഭാവനം ചെയ്തതെങ്കിലും പ്രതിമാസം ആറായിരം രൂപയാക്കി കോണ്‍ഗ്രസ്സ് വര്‍ധിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടുകൂടി ആ പദ്ധതിയും അപ്രത്യക്ഷമായി.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം വഹിക്കുന്ന യു.പി.എ അധികാരത്തില്‍ വരുമെന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ബാനര്‍ജി. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതോടെ ന്യായ് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നോട്ടു നിരോധനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വ്യക്തികൂടിയാണിദ്ദേഹം. തുടക്കത്തില്‍ വിചാരിച്ചതിനേക്കാള്‍ വലിയ ആഘാതമായിരിക്കും നോട്ടു നിരോധനം വഴി സംഭവിക്കുക എന്ന് ബാനര്‍ജി പറഞ്ഞിരുന്നു. ഇപ്പോള്‍ രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ടു നിരോധനമാണെന്ന് പലര്‍ക്കും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും ബാനര്‍ജി പറയുകയുണ്ടായി.

നോട്ടു നിരോധിച്ചതു വഴി സാമ്പത്തിക ഇടപാടുകളില്‍ ഗണ്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ആവശ്യമായ പണം കൈവശമില്ലാത്തതുമൂലമാണിത് സംഭവിച്ചതെന്നും ഇവിടെ പണ ലഭ്യത അത്യധികം കുറവാണെന്നും അഭിജിത് ബാനര്‍ജി മുമ്പ് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ അവതരിപ്പിച്ച ഒരു പേപ്പറില്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഴിമതി കുറയ്ക്കുക എന്നതായരുന്നല്ലോ സര്‍ക്കാര്‍ നോട്ടു നിരോധനം കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ ഇവിടെ അനധികൃതമായി ആളുകള്‍ക്ക് പ്രത്യേകിച്ച് ഒരു തെളിവുകളുമില്ലാതെ പണം നല്‍കുന്നതിന് സഹായിക്കും. മാത്രമല്ല, അനധികൃതമായി പണം കൈവശം വെച്ചവര്‍ക്ക് അത് ഒരു പ്രോത്സാഹനമായി ഇത് മാറും. അതായത് ഒറ്റത്തവണ പിഴ ഈടാക്കുന്ന പോലെ അവര്‍ക്ക് ഇതില്‍ നിന്നും രക്ഷപ്പെടാനുമാവും എന്നും ബാനര്‍ജി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ അഭിജിത് ബാനര്‍ജിയ്ക്ക് ലഭിച്ചത്. എസ്തര്‍ ഡഫ്ലോ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് അഭിജിത് ബാനര്‍ജിക്കൊപ്പം ഈ വര്‍ഷത്തെ പുരസ്‌കാരം പങ്കിട്ടത്. എസ്തര്‍ ഡഫ്ലോ അഭിജിത് ബാനര്‍ജിയുടെ ഭാര്യയുമാണ്.