മെസിയെ കൂടുതൽ പണം നൽകി അറബ് ക്ലബ്ബുകൾ പൊക്കിയാലും അത്ഭുതപ്പെടാനൊന്നുമില്ല; സ്പാനിഷ് പരിശീലകൻ
football news
മെസിയെ കൂടുതൽ പണം നൽകി അറബ് ക്ലബ്ബുകൾ പൊക്കിയാലും അത്ഭുതപ്പെടാനൊന്നുമില്ല; സ്പാനിഷ് പരിശീലകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th January 2023, 4:54 pm

ഫുട്ബോളിലേക്ക് വലിയ തോതിൽ നിക്ഷേപം നടത്തുകയാണ് അറേബ്യൻ ക്ലബ്ബുകളും കമ്പനികളും. മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി,ന്യൂ കാസിൽ യുണൈറ്റഡ് മുതലായവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

മറ്റു ലീഗുകളിലും ക്ലബ്ബിലും ഇൻവെസ്റ്റ്‌ ചെയ്യുക എന്നതിലുപരി ഇപ്പോൾ സ്വന്തം ലീഗുകളിലേക്കും മികച്ച ഇൻവെസ്റ്റ്മെന്റ് നടത്തി മെച്ചപ്പെട്ട താരങ്ങളെ കൊണ്ട് വരികയും ഫുട്ബോൾ വളർത്തുകയും ചെയ്യുക എന്നതാണ് അറബ് ലീഗുകളുടെയും ക്ലബ്ബുകളുടെയും പുതിയ തീരുമാനം എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതിന്റെ ഭാഗമായാണ് പ്രതിവർഷം 225മില്യൺ യൂറോ മുടക്കി റൊണാൾഡോയെ അൽ നസർ ക്ലബ്ബിലെത്തിച്ചത് എന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാലിപ്പോൾ റൊണാൾഡോ എത്തിയത് പോലെ വൻ തുകക്ക് മെസിയും അറബ് ക്ലബ്ബുകളുമായി സൈൻ ചെയ്‌താൽ അതിൽ അത്ഭുതപ്പെടാനില്ല എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്പാനിഷ് പരിശീലകനായ റൗൾ കനെഡ.

സ്പാനിഷ് ക്ലബ്ബായ റയൽ സോഴ്സിഡോസിനെ ലാ ലിഗയിൽ പരിശീലിപ്പിച്ച റൗൾ സൗദി ക്ലബ്ബായ അൽ നസറിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

“തീർച്ചയായും വൻ താരങ്ങളെ തങ്ങളുടെ ടീമിലെത്തിക്കാൻ മാത്രം മൂലധനം മുടക്കാൻ ശേഷിയുള്ള ക്ലബ്ബുകളാണ് അറബ് നാടുകളിലേത്. കൂടുതൽ പണം ഓഫർ ചെയ്ത് അവർ മെസിയെ തങ്ങളുടെ ക്ലബ്ബിലെത്തിച്ചാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

അവർ കൂടുതൽ പണം ഫുട്ബോളിൽ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ യൂറോപ്പിലെ വമ്പൻ താരങ്ങളെല്ലാം അറബ് ലീഗുകളിൽ കളിക്കും എന്നതിൽ ഒട്ടും സംശയിക്കേണ്ടതില്ല,’ റൗൾ പറഞ്ഞു.

“റൊണാൾഡോയുടെ അൽ നസർ പ്രവേശനം ഒരു മുന്നറിയിപ്പാണ്. അൽ നസറിന്റെ വൈരികളായ ക്ലബ്ബുകൾ ഇതോടെ മികച്ച താരങ്ങളെ തങ്ങളുടെ ക്ലബ്ബുകളിലും എത്തിക്കാൻ ശ്രമം നടത്തും.

ന്യൂകാസിൽ ഉൾപ്പെടെയുള്ള ക്ലബ്ബുകൾ ഉപയോഗിച്ച് യൂറോപ്യൻ ഫുട്ബോളിൽ ആധിപത്യം ഉറപ്പിക്കുന്നതിനൊപ്പം, തങ്ങളുടെ ലീഗുകളെ ലോകത്തെ ഏറ്റവും മികച്ച ലീഗുകളിലൊന്നാക്കാൻ അവർ കഠിനമായിശ്രമിക്കും,’ റൗൾ കൂട്ടിച്ചേർത്തു.

കൂടാതെ അറബ് രാജ്യങ്ങൾ കൂടി മത്സരത്തിനിറങ്ങുന്നതോടെ ഫുട്ബോളിലെ സാമ്പത്തിക നിക്ഷേപം ഇനിയും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റൊണാൾഡോ അൽ നസറിനായി എന്ന് കളിക്കാനിറങ്ങും എന്നതിൽ ഇത് വരെ തീരുമാനമായിട്ടില്ല. പ്രീമിയർ ലീഗിൽ നിന്നും മോശം പെരുമാറ്റത്തിന്റെ പേരിൽ രണ്ട് കളികളിൽ വിലക്ക് ലഭിച്ച റൊണോക്ക് പ്രസ്തുത വിലക്ക് പ്രോ ലീഗിലും ബാധകമാവും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

Content Highlights:No wonder if Arab clubs sign Messi by paying more; Spanish coach