തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ഒരു സമിതിയെയും നിയോഗിച്ചിട്ടില്ല: ബി.ജെ.പി. കേന്ദ്ര നേതൃത്വം
Kerala News
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ഒരു സമിതിയെയും നിയോഗിച്ചിട്ടില്ല: ബി.ജെ.പി. കേന്ദ്ര നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th June 2021, 7:32 pm

ന്യൂദല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബി.ജെ.പി. കേന്ദ്ര നേതൃത്വം.

സി.വി. ആനന്ദബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരന്‍ തുടങ്ങിയവരെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ നിയോഗിച്ചുവെന്ന് പുറത്ത് വന്ന വാര്‍ത്തകളാണ് പാര്‍ട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് തള്ളിയത്.

ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബി.ജെ.പിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ചില വ്യക്തികള്‍ അത്തരത്തില്‍ അവകാശവാദം ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാധ്യമ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അവലോകനം നടത്തുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പാര്‍ട്ടിക്ക് സ്വന്തമായ സംവിധാനങ്ങളുണ്ട്. അതിനാല്‍ മൂന്നംഗ സമിതിയെപ്പറ്റി സംസ്ഥാന നേതൃത്വത്തോട് ചോദിച്ച് സ്ഥിരീകരിക്കാന്‍ തയ്യാറാകണം,’ അരുണ്‍ സിംഗ് പറഞ്ഞു.

സി.വി. ആനന്ദബോസും, ജേക്കബ് തോമസും റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരേന്ദ്രനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കം റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ കുഴല്‍പ്പണ ഇടപാട്, മഞ്ചേശ്വരം, സി.കെ. ജാനു വിവാദങ്ങളില്‍ പെട്ടു കിടക്കുന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ദേശീയ നേതൃത്വം തീരുമാനമെടുത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: no Three tier committee to study about election failure says BJP central committee