തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി ഭിന്നത മൂര്‍ച്ഛിക്കുന്നു; 2021 ല്‍ ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കുമെന്ന് എ.ഐ.എ.ഡി.എം.കെ
Tamilnadu politics
തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി ഭിന്നത മൂര്‍ച്ഛിക്കുന്നു; 2021 ല്‍ ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കുമെന്ന് എ.ഐ.എ.ഡി.എം.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th November 2020, 8:10 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ എന്‍.ഡി.എയിലെ ഭിന്നത രൂക്ഷമാകുന്നു. 2021 ല്‍ ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം എ.ഐ.എ.ഡി.എം.കെയ്ക്ക് ലഭിക്കുമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ഡി ജയകുമാര്‍ പറഞ്ഞു.

സഖ്യസര്‍ക്കാരിനുള്ള ചര്‍ച്ചകളൊന്നും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യമുണ്ടാക്കുന്നത് ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


‘എ.ഐ.എ.ഡി.എം.കെയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. അധികാരത്തില്‍ തിരിച്ചെത്തും.’, ജയകുമാര്‍ പറഞ്ഞു.

നേരത്തെ അടുത്ത തമിഴ്‌നാട് സര്‍ക്കാരിനെ തങ്ങള്‍ തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുഗന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജയകുമാറിന്റെ പ്രസ്താവന.

സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നേരത്തെ എം.ജി.ആറിന്റെ ചിത്രം പ്രചരണത്തിനുപയോഗിക്കരുതെന്ന് ബി.ജെ.പിയോട് എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബി.ജെ.പി നിശ്ചയിച്ച വെട്രിവേല്‍ യാത്രയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും ചെയ്തു.

എന്നാല്‍ ഉത്തരവ് ലംഘിച്ച് ബി.ജെ.പി വെട്രിവേല്‍ യാത്ര ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ എല്‍. മുരുഗന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Content Highlight: No room for talks on coalition govt in TN, people will not accept it: AIADMK