ന്യൂദല്‍ഹി: പൗരത്വ നിയമം ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുസ്‌ലീം ലീഗ് എം.പി അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് മറുപടി നല്‍കിയത്.
മറ്റ് ന്യൂനപക്ഷങ്ങളായ പാകിസ്ഥാനിലെ അഹമ്മദിയ, ശ്രീലങ്കന്‍ തമിഴര്‍ എന്നിവരെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിയമം ഭേദഗതി ചെയ്യുമോ എന്നായിരുന്നു വഹാബ് ചോദിച്ചത്. എന്നാല്‍ അത്തരമൊരു ആലോചനയേ കേന്ദ്രസര്‍ക്കാരിനില്ലെന്നായിരുന്നു നിത്യാനന്ദ റായി പറഞ്ഞത്.
നേരത്തെ പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ലോക്സഭയില്‍ കോണ്‍ഗ്രസ് എം.പി. ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്.
2022 ജനുവരി 9 വരെ സമയം ആവശ്യമാണെന്ന് കഴിഞ്ഞ ആഴ്ച നിത്യാനന്ദ റായി ലോക്സഭയെ അറിയിച്ചിരുന്നു. ഇതോടെ നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ രണ്ടു വര്‍ഷമാകും.
2019 ലാണ് പാര്‍ലമെന്റില്‍ പൗരത്വം നിയമം പാസാക്കിയത്. ആ വര്‍ഷം ഡിസംബര്‍ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. 2020 ജനുവരി 10 മുതല്‍ വിജ്ഞാപനം പ്രാബല്യത്തിലായി.
എന്നാല്‍ നിയമം നടപ്പാക്കണമെങ്കില്‍ ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇതുവരെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല.
ചട്ടപ്രകാരം രാഷ്ട്രപതി ഒപ്പുവെച്ച നിയമം ആറ് മാസം കൊണ്ട് ക്രമപ്പെടുത്തുകയോ സമയം നീട്ടി ചോദിക്കുകയോ വേണം. ഇത് അഞ്ചാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ ക്രമപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സമയം നീട്ടി ചോദിക്കുന്നത്.
2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത സമുദായങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനാണ് നിയമം ലക്ഷ്യമിടുന്നത്.
ഇത്തരക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആരംഭിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നിരുന്നാലും, നിയമം ക്രമപ്പെടുത്താത്തതിനാല്‍ അത് നടപ്പിലാക്കാന്‍ കഴിയില്ല.
പൗരത്വ നിയമം പാര്‍ലമെന്റ് പാസാക്കിയ ശേഷം രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു.