കെ റെയിലുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിട്ടില്ല; എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നത്: മുഖ്യമന്ത്രി
Kerala News
കെ റെയിലുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിട്ടില്ല; എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നത്: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th March 2022, 7:36 pm

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമാധാനപരമായിട്ടാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എങ്ങനെ എല്ലാം പ്രകോപനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി തെറ്റായ ഇടപെടലുകളും പ്രകോപനം സൃഷ്ടിക്കലും പൊലീസിനെ അക്രമിക്കലും സര്‍വേ ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

‘കെ റെയിലിനെതിരെ പ്രക്ഷോഭം ഉണ്ടാക്കുന്നതില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറണം. ഇതിന് നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഏത് രീതിയിലേക്ക് മാറുന്നുയെന്നതിന്റെ തെളിവാണ് ഇതിലൂടെ കാണുന്നത്. അവരുടെ ഇടയിലും ചിന്തിക്കുന്നവരുണ്ട്, വിഷയത്തില്‍ യു.ഡി.എഫിനുള്ളിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ അക്രമത്തിലൂടെ യോജിപ്പുണ്ടാക്കാന്‍ ശ്രമിക്കരുത്. അത് നാടിന് വിനാശകരമാണ്. അതുകൊണ്ട് തെറ്റായ പ്രവണതകളില്‍ നിന്ന് പിന്‍മാറണമെന്നാണ് പറയാനുള്ളത്,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കെ റെയില്‍ കല്ലിടലിനെതിരെ സമരം ചെയ്യുന്ന ജനങ്ങളോടൊപ്പം യു.ഡി.എഫുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. പൊലീസുകാര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് കാണിച്ച അതിക്രമത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശക്തമായ സമരത്തിലേക്ക് പോവുകയാണ്, ജനങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും. അധികാരത്തിന്റേയും ധാര്‍ഷ്ട്യത്തിന്റേയും അന്ധതയാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് കേരളത്തില്‍ കെ റെയിലിനെതിരെ നടക്കുന്ന സമരം കാണാതെ പോകുന്നത്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ കെ റെയിലിനെ ജനങ്ങള്‍ ചെറുത്തു. സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് മുഖ്യമന്ത്രി,’ വി.ഡി. സതീശന്‍ പറഞ്ഞു.

ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ റെയിലിന് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. സ്ത്രീകളടക്കമുള്ളവരെ പൊലീസുകാര്‍ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.

ഒരു സ്ത്രീയെ പൊലീസ് വലിച്ചിഴക്കുമ്പോള്‍ ചെറിയ മകന്‍ തടയാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കെ റെയില്‍ വിരുദ്ധ സമരസമിതിയും യു.ഡി.എഫും ബി.ജെ.പിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിയിരുന്നു.


Content Highlights: No major protests have been raised in connection with the K rail: Pinarayi Vijayan