ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നുമായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.
നിലവില്‍ ഏഴ് മുതല്‍ പത്ത് ദിവസം വരെയുള്ള കൊവിഡ് വാക്‌സിന്‍ സ്റ്റോക്ക് മാത്രമേ സംസ്ഥാനത്തുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്ക് മതിയായ വാക്‌സിന്‍ ഡോസുകള്‍ നല്‍കുന്ന പക്ഷം പ്രതിരോധ കുത്തിവയ്പ്പിനുള്ള പ്രായപരിധി ഒഴിവാക്കുമെന്നും കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. വാക്‌സിന്‍ ലഭ്യത ഉറപ്പാക്കി കഴിഞ്ഞാല്‍ അടുത്ത 2-3 മാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനുള്ള സംവിധാനം ഒരുക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
കൊറോണ വൈറസിന്റെ നാലാമത്തെ ഘട്ടത്തിന് ദല്‍ഹി സാക്ഷ്യം വഹിക്കുകയാണെന്നും പ്രതിരോധ കുത്തിവയ്പ്പ് പ്രക്രിയ വേഗത്തിലാക്കാനും വൈറസ് വ്യാപനം തടയാനും ആശുപത്രി മാനേജ്‌മെന്റ് മെച്ചപ്പെടുത്താനും കേസുകളുടെ എണ്ണം നിയന്ത്രിക്കാനുമാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
‘ഇന്നും ഞാന്‍ എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ഒരു അവലോകന യോഗം നടത്തി. കഴിഞ്ഞ വര്‍ഷം നവംബറില്‍ വൈറസിന്റെ മൂന്നാം ഘട്ടം സംഭവിച്ചപ്പോള്‍ നടത്തിയ തയ്യാറെടുപ്പുകള്‍ അതേ രീതിയില്‍ ആവര്‍ത്തിക്കാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ആശുപത്രികള്‍ക്കും ആ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യവും വിജയകരമായി കൈകാര്യം ചെയ്യാനാകുമെന്ന് പ്രതീക്ഷയുണ്ട്’, കെജ്‌രിവാള്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,521 പുതിയ കൊവിഡ് 19 കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,45,384 കേസുകളാണ് രാജ്യത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക