ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ അധികാരത്തിലേറിയതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിടുകയാണെന്ന് അമിത് ഷാ പറഞ്ഞു.
ഇതിനോടകം 100 ബി.ജെ.പി പ്രവര്‍ത്തകര്‍ പശ്ചിമ ബംഗാളില്‍ കൊല്ലപ്പെട്ടെന്നും ഈ കേസുകളിലൊന്നും ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഇതിലും പരാജയമായ ഒരു സര്‍ക്കാരുമില്ല, ക്രമസമാധാനപാലനത്തില്‍ ഇത്ര പരാജയപ്പെട്ട ഒരു സംസ്ഥാനത്തെയും ഞാന്‍ കണ്ടിട്ടില്ല അമിത് ഷാ പറഞ്ഞു. ഇന്ത്യാ ടുഡേക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
അതേസമയം ഉത്തര്‍പ്രദേശില്‍ ക്രമസമാധാനം മെച്ചപ്പെട്ടുവെന്നായിരുന്നു അമിത് ഷായുടെ വാദം. യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതേ സമയം പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി എന്താണ് ചെയ്തത് അമിത് ഷാ ചോദിച്ചു.
പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നത് കൃത്യ സമയത്ത് അറിയിക്കും. ബംഗാളില്‍ ബി.ജെ.പി വിജയിക്കുമെന്നത് ഉറപ്പാണ്. മൂന്നിലൊന്ന് ഭൂരിപക്ഷം നേടിയായിരിക്കും ഞങ്ങളുടെ വിജയം. അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞടുപ്പ് വരാനിരിക്കെ ബി.ജെ.പി ശക്തമായ പ്രചരണങ്ങളുമായാണ് സംസ്ഥാനത്ത് മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാളില്‍ ദ്വി-ദിന സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു അമിത് ഷാ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ബീഹാറില്‍ എന്‍.ഡി.എ തന്നെ അധികാരത്തില്‍ വരുമെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന തേജസ്വിയുടെ വാഗ്ദാനത്തെ ഭയപ്പെടേണ്ട ആവശ്യമില്ല കാരണം അതൊരിക്കലും സാധ്യമായതല്ല എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.