[]
കൊല്ലം: ചവറ കെ.എം.എം.എല്‍ പ്ലാന്റിലെ വാതകച്ചോര്‍ച്ച ആസൂത്രിതമെന്ന് ശക്തമാക്കി കൊണ്ട് അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍. ആദ്യ ദിവസം വാതകം ചോര്‍ന്നതായും എന്നാല്‍ രണ്ടാം വാതകചോര്‍ച്ച നടന്നിട്ടില്ലെന്ന് രണ്ട് ദിവസത്തെ തെളിവെടുപ്പിന് ശേഷം അന്വേഷണസംഘം അറിയിച്ചു. വാതകച്ചോര്‍ച്ച ആസൂത്രിതമാണെന്ന ജനപ്രതിനിധികളുടെ ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍.
പ്ലാന്റിലെ വാതകചോര്‍ച്ചയ്ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് സി.ബി.ഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
തുടര്‍ച്ചയായ രണ്ടാം ദിവസവും വാതകച്ചോര്‍ച്ചയുണ്ടായതായുള്ള വാദം ആസൂത്രിതമാണെന്ന സംശയം ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും മൊഴികളും നേരത്തെ പുറത്തു വന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടും മുന്‍പ് സ്‌കൂള്‍ പരിസരത്ത് ആംബുലന്‍സുകള്‍ കണ്ടിരുന്നുവെന്ന കുട്ടികളുടെ വെളിപ്പെടുത്തലായിരുന്നു ഇതില്‍ പ്രധാനം.
വിഷവാതകം ശ്വസിച്ചവരില്‍ സാധാരണയായി തലച്ചോറിനും ശ്വാസകോശത്തിനുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളതെന്നും നിലവില്‍ ചികിത്സയിലുള്ള കുട്ടികളില്‍ ഇത്തരം കുഴപ്പങ്ങളൊന്നും കണ്ടെത്താനായില്ലെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കിയിരുന്നു.
കെ.എം.എം.എല്ലിലെ വാതകച്ചോര്‍ച്ച ഗൂഢാലോചനയാണെന്ന് ആരോപണവുമായി ജനപ്രതിനിധികള്‍ രംഗത്ത് വന്നിരുന്നു. പ്ലാന്റ് പ്രവര്‍ത്തിക്കാത്ത സമയത്ത് വാതകചോര്‍ച്ച ഉണ്ടായത് അന്വേഷിക്കണമെന്ന് മുന്‍ വ്യവസായ മന്ത്രി എളമരം കരീ ആവശ്യപ്പെട്ടിരുന്നു.
അതേസമയം പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് ഉന്നതതല യോഗം ചേരും. പോലീസ്, കൊച്ചി റിഫൈനറിയിലെ രണ്ട് വിദഗ്ദ്ധര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കമ്പനിയിലെ ആഭ്യന്തര അന്വേഷണ വിഭാഗം, വ്യവാസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ നടത്തിയ പരിശോധ റിപ്പോര്‍ട്ടുകളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
കെ.എം.എം.എല്ലിലെ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്പതോളം വിദ്യാര്‍ഥികളെ വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശങ്കരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.