കൊച്ചി: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിന് തെളിവില്ലെന്ന് സി.ബി.ഐ. അഴിമതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.ബി.ഐ പറയുന്നു. ദേശീയ ഗെയിംസ് നടത്തിപ്പില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന വി. ശിവന്‍കുട്ടി എം.എല്‍.എ നല്‍കിയ ഹര്‍ജിയിലാണ് സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കേരളത്തില്‍ നടന്ന 36ാം ദേശീയ ഗെയിംസിന് 121 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ജര്‍മനിയില്‍ നിന്ന് കാലഹരണപ്പെട്ട ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത് സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തിനായി ഉപയോഗിച്ചെന്നാ ആരോപണം ശരിയല്ല. 6.23 കോടി രൂപയുടേതാണ് കരാര്‍. 32.56 കോടി രൂപ വില വരുന്ന സ്‌പോര്‍ട്‌സ് സാമഗ്രികള്‍ 46 ടെന്‍ഡറുകള്‍ വഴിയാണ് സമാഹരിച്ചതെന്നും നടപടിക്രമങ്ങള്‍ എല്ലാം വാലിച്ചാണ് കരാറുകള്‍ നല്‍കിയിരുന്നതെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നടപടിക്രമങ്ങള്‍ പാലിച്ചതായാണ് കാണുന്നത്. ഇതിനായി 260 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.വെടിക്കെട്ടിനായി 1.25 കോടി രീപയുടെ നല്‍കിയത്. വെളിച്ച സംവിധാനത്തിന്റെ കാര്യത്തിലും ഭക്ഷണ ടെന്‍ഡറിലും വളണ്ടിയര്‍മാര്‍ക്ക് ടീഷര്‍ട്ടും പാന്റ്‌സും നല്‍കിയതിലും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.