കോണ്‍ഗ്രസ് വിട്ടുവരൂ, നിങ്ങള്‍ക്കെവിടേയും ഇടമുണ്ടാകും; അധിര്‍ രഞ്ജന്‍ ചൗധരിയോട് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍
national news
കോണ്‍ഗ്രസ് വിട്ടുവരൂ, നിങ്ങള്‍ക്കെവിടേയും ഇടമുണ്ടാകും; അധിര്‍ രഞ്ജന്‍ ചൗധരിയോട് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd March 2021, 6:50 pm

കൊല്‍ക്കത്ത: കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ അധിര്‍ രഞ്ജന്‍ ചൗധരി പാര്‍ട്ടി വിടണമെന്നാവശ്യപ്പെട്ട് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബഹുമാനിക്കപ്പെടേണ്ട നേതാവാണ് അധിറെന്നും എന്നാല്‍ അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കാതിരിക്കുന്നത് ശരിയല്ലെന്നും ഘോഷ് പറഞ്ഞു.

‘ബംഗാള്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് രണ്ടുവട്ടമിരുന്നയാളാണ് അദ്ദേഹം. അദ്ദേഹം ബഹുമാനിക്കപ്പെടണം’, ഘോഷ് പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് എവിടെയെങ്കിലും പോകുന്നതിനെക്കുറിച്ച് അധിര്‍ ആലോചിക്കണമെന്നും അദ്ദേഹത്തെപ്പോലൊരു നേതാവിന് എല്ലായിടത്തും സ്ഥാനമുണ്ടാകുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മയുമായി അധിര്‍ രഞ്ജന്‍ ചൗധരി വാക്‌പോര് തുടരുന്നതിനിടെയാണ് ദിലീപ് ഘോഷിന്റെ പരാമര്‍ശം.

ഐ.എസ്.എഫുമായി സഖ്യമുണ്ടാക്കാനുള്ള പാര്‍ട്ടിയുടെ നീക്കത്തെ തുടര്‍ന്നാണ് ബംഗാള്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നത്. ഐ.എസ്.എഫുമായി സഖ്യമുണ്ടാക്കാനുള്ള ബംഗാള്‍ പി.സി.സി നീക്കത്തിന് തൊട്ടുപിന്നാലെ രൂക്ഷവിമര്‍ശനവുമായി ആനന്ദ് ശര്‍മ രംഗത്തെത്തിയിരുന്നു.

സഖ്യം കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിന് എതിരാണെന്ന് പറഞ്ഞ ആനന്ദ് ശര്‍മയെ വിമര്‍ശിച്ച് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിക്കത്ത് ഭിന്നതയുണ്ടായത്.

ഐ.എസ്.എഫുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നത് നാണക്കേടും വേദനാജനകവുമായ കാര്യമാണെന്ന് ആനന്ദ് ശര്‍മ പറഞ്ഞിരുന്നു. ശര്‍മയുടെ പ്രതികരണത്തിന് പിന്നാലെയാണ് വിമര്‍ശനവുമായി അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയത്. ആനന്ദ് ശര്‍മ്മയുടെ വാക്കുകള്‍ ബി.ജെ.പിക്ക് ആയുധമാകുമെന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചത്.

സഖ്യത്തിന്റെ കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കില്ലെന്നും എല്ലാവരുമായി ആലോചിച്ച് മാത്രമേ തീരുമാനം ഉണ്ടാകുകയുള്ളൂവെന്നും ചൗധരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: No dearth of space for such leader: BJP’s Dilip Ghosh reaches out to Congress leader Adhir Ranjan Chaudhary