കെയ്റോ: ഇസ്രഈലുമായി സമാധാന ഉടമ്പടിയിൽ ധാരണയായില്ലെന്നും തങ്ങളുടെ പ്രതിനിധികൾ ഈജിപ്ത് വിട്ടുവെന്നും ഹമാസ്.
ഈജിപ്തിൽ വെച്ചാണ് ചർച്ചകൾ പുരോഗമിച്ചിരുന്നത്.
ഗസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിന് മധ്യസ്തരുടെ എല്ലാ ഇടപെടലുകളും ഇസ്രഈൽ തടസപ്പെടുത്തിയെന്ന് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ സമി അബു സുഹരി റോയിട്ടേഴ്സിനോട് പറഞ്ഞു.
ഗസയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണം, ഇസ്രഈൽ സൈന്യത്തെ പിൻവലിക്കണം, ഗസയിലേക്ക് സഹായങ്ങൾ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കണം, കുടിയിറക്കപ്പെട്ട ജനങ്ങൾ തിരിച്ചുവരുന്നുണ്ടെന്ന് ഉറപ്പാക്കണം തുടങ്ങിയ ഹമാസിന്റെ ആവശ്യങ്ങൾ ഇസ്രഈൽ നിരസിച്ചതായി അദ്ദേഹം പറഞ്ഞു.
അതേസമയം ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്ന് ഈജിപ്ഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
റമദാൻ ആരംഭിക്കുന്നതിനു മുമ്പ് ഉടമ്പടി നടപ്പിലാക്കുക അസാധ്യമാണെന്നാണ് റിപ്പോർട്ടുകൾ.
ഗസയിലുടനീളം ഇസ്രഈൽ ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിൽ മുനമ്പിലേക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.