തിരുവനന്തപുരം: മോദി സ്തുതിയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ നടപടിയില്ല. വിഷയത്തില്‍ ശശി തരൂര്‍ നല്‍കിയ വിശദീകരണം അംഗീകരിക്കുന്നെന്ന് കെ.പി.സി.സി വ്യക്തമാക്കി.
ഇന്നലെയായിരുന്നു ശശി തരൂര്‍ കെ.പി.സി.സിക്ക് വിശദീകരണം നല്‍കിയത്. നരേന്ദ്ര മോദിയുടെ വലിയ വിമര്‍ശകനായ താന്‍ മോദിയെ സ്തുതിച്ചെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നോട്ടീസിലെ പരാമര്‍ശം ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു തരൂരിന്റെ മറുപടി. മോദി ചെയ്ത നല്ലകാര്യങ്ങള്‍ നല്ലതെന്ന് പറയണമെന്ന് തരൂര്‍ ആവര്‍ത്തിച്ചു. വിശദീകരണം ആവശ്യപ്പെട്ടുള്ള മുല്ലപ്പള്ളിയുടെ നോട്ടീസ് ചോര്‍ന്നതില്‍ തരൂരിന് കടുത്ത അതൃപ്തിയുണ്ട്.
മോദി നല്ല കാര്യം ചെയ്താല്‍ അങ്ങനെതന്നെ പറയുമെന്നും എന്നാല്‍ താന്‍ മോദിയെ വിമര്‍ശിച്ചതിന്റെ പത്ത് ശതമാനംപോലും കേരളത്തിലെ മറ്റു നേതാക്കള്‍ നടത്തിയിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ കെ.പി.സി.സി പ്രസിഡന്റിന് അറിവുള്ളതല്ലേയെന്നും വിശദീകരണത്തില്‍ തരൂര്‍ ചോദിച്ചിരുന്നു.
ശശി തരൂരിനെ അനുകൂലിച്ച് മുസ്‌ലീം ലീഗ് നേതാവ് എം.കെ മുനീറും രംഗത്തെത്തിയിരുന്നു. ശശി തരൂര്‍ മോദി അനുകൂലിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍, വൈ അയാം എ ഹിന്ദു’ എന്ന പുസ്തകങ്ങളത്രയും വായിച്ചൊരാള്‍ക്ക് അദ്ദേഹത്തിന് ഒരു മോദി ഫാനായി മാറാന്‍ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും മുനീര്‍ വ്യക്തമാക്കിയിരുന്നു.
മോദി നല്ലത് ചെയ്യുമ്പോള്‍ നല്ലതെന്ന് പറയണം. എന്നാലേ തെറ്റ് ചെയ്യുമ്പോഴുള്ള വിമര്‍ശനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത വരൂ. നമ്മള്‍ മോദി ഒന്നും ചെയ്തില്ലെന്ന് പറയുമ്പോഴും ജനം മോദിക്ക് വോട്ട് ചെയ്തു. കോണ്‍ഗ്രസ് വോട്ട് ശതമാനം കുറഞ്ഞു. എന്നിട്ട് ജനങ്ങളെ വിഡ്ഢികളെന്ന് വിളിച്ചിട്ട് കാര്യമില്ല. ദേശീയ നേതാക്കളായ ജയറാം രമേശിന്റേയും അഭിഷേക് മനു സിംഗ്‌വിയുടെയും നിലപാടിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു തരൂര്‍ പറഞ്ഞത്.