ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലെ ബോക്സ് ഓഫീസ് നിറച്ച നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നിവിൻ പെട്ടെന്ന് തന്നെ സൗത്തിന്ത്യയിലെ തിരക്കുള്ള താരമായി.
നേരം, തട്ടത്തിൻ മറയത്ത്, പ്രേമം തുടങ്ങി ഒരു സമയത്ത് ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തുടർച്ചയായി ഹിറ്റ് ചാർട്ടിൽ കയറ്റിയിരുന്ന നടനായിരുന്നു നിവിൻ പോളി. കരിയറിന്റെ തുടക്കത്തിൽ തന്നെ സത്യൻ അന്തിക്കാട്, ലാൽജോസ്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ നിവിന് സാധിച്ചിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. നിവിന്‍ പോളിയോടൊപ്പം ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തി അല്‍ഫോണ്‍സ് അണിയിച്ചൊരുക്കിയ ചിത്രം സര്‍പ്രൈസ് ഹിറ്റായി മാറിയിരുന്നു. 60 കോടിയോളമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.
ഏറെ ഹോംവർക്കോടെയാണ് ചിത്രത്തിലെ ജോർജ് എന്ന കഥാപാത്രത്തെ താൻ അവതരിപ്പിച്ചതെന്നും വ്യത്യസ്‌ത കാലങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രത്തിൻ്റെ ജീവിതകാലം പിടിക്കാൻ വേണ്ടി ആറു മാസം മാറ്റിവെച്ചുവെന്നും നിവിൻ പോളി പറയുന്നു. ആ പാറ്റേണിൽ മലയാളത്തിൽ മുമ്പൊരു സിനിമ ഇറങ്ങിയിട്ടില്ലെന്നും ഒരു നൊസ്റ്റാൾജിയ പോലെ എന്നും നിലനിൽക്കുന്ന സിനിമയാണ് പ്രേമമെന്നും നിവിൻ കൂട്ടിച്ചേർത്തു.
‘അന്ന് ടൈറ്റിലിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ‘പ്രേമം‘ എന്ന പേരിൽ ഒരു ചിത്രം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് മനസിലായത്. സിനിമയിലെ അനിവാര്യ വിഷയമായിട്ടും ആ ടൈറ്റിൽ ഞങ്ങളെ കാത്തിരുന്നു. ഏറെ ഹോംവർക്കോടെയാണ് ചിത്രത്തിലെ ജോർജ് എന്ന നായകവേഷം ഞാൻ ചെയ്‌തത്. വ്യത്യസ്‌ത കാലങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രത്തിൻ്റെ ജീവിതകാലം പിടിക്കാൻ വേണ്ടി ആറു മാസം ഞങ്ങൾ ഉപയോഗിച്ചു. അത്തരം പാറ്റേണിൽ ഒരു സിനിമ മലയാളത്തിൽ അതിന് മുമ്പ് അധികം ഉണ്ടായിട്ടില്ല. പ്രേമം എന്നും ഒരു നൊസ്റ്റാൾജിയപോലെ നിലനിൽക്കും,’നിവിൻ പോളി പറയുന്നു.
ശരീരം ഭാരം കുറച്ച് പുതിയ മേക്കോവറിൽ എത്തിയ നിവിൻ പോളിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പിന്നാലെ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ മൾട്ടിവേർസ് സൂപ്പർ ഹീറോ ആയി നിവിൻ പോളിയെത്തുന്ന ‘മൾട്ടിവേർസ് മന്മഥൻ’ എന്ന സിനിമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആദിത്യൻ ചന്ദ്രശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്. കൂടാതെ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയുടെ രണ്ടാം ഭാഗമടക്കമുള്ള സിനിമകൾ നിവിൻ പോളിയുടേതായി ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
Content Highlight: Nivin Pauly About Premam Movie And His Character