പട്‌ന: കഴിഞ്ഞ 15 വര്‍ഷത്തിനിടെ താന്‍ തുടങ്ങിവെച്ച വികസന പരിപാടികള്‍ പൂര്‍ത്തിയാക്കുന്നതിനായി വീണ്ടും തന്നെ അധികാരത്തിലെത്തിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
അതേസമയം ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായി തേജസ്വി യാദവിനെതിരെയും നിതീഷ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സാക്രയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു തേജസ്വിക്കെതിരെ നിതീഷ് രംഗത്തെത്തിയത്.
ചിലര്‍ തന്നെ ആക്രമിച്ച് പ്രചരണം നടത്തുന്നു. അതിലൂടെ പബ്ലിസിറ്റി നേടുന്നു. അവര്‍ അത് തുടരട്ടെ. എനിക്ക് പരസ്യത്തില്‍ താല്‍പര്യമില്ല. ഞാന്‍ ബീഹാറിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും അവസരം ലഭിച്ചാല്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ തുടരും- നിതീഷ് പറഞ്ഞു.
അധികാരത്തിലിരിക്കെ സ്വജനപക്ഷപാതത്തെ പിന്തുണച്ച പാര്‍ട്ടിയാണ് ആര്‍.ജെ.ഡിയെന്നും നിതീഷ് പറഞ്ഞു.
ചിലരെ സംബന്ധിച്ചിടത്തോളം അവരുടെ കുടുംബം, പുത്രന്മാര്‍, പെണ്‍മക്കള്‍ എന്നിവരാണ് പ്രധാനം, എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം സംസ്ഥാനവും ജനങ്ങളും മുഴുവന്‍ എന്റെ കുടുംബമാണ്, അവരുടെ വികസനത്തിനായി ഞാന്‍ പ്രവര്‍ത്തിക്കുന്നു- അദ്ദേഹം പറഞ്ഞു.
അതേസമയം, തേജസ്വി യാദവും നിതീഷിനെതിരേയും എന്‍.ഡി.എക്കെതിരേയും രംഗത്തെത്തിയിരുന്നു.
ബീഹാര്‍ ദാരിദ്ര്യത്തിലാണെന്നും വിദ്യാഭ്യാസം, ജോലി, വൈദ്യസഹായം എന്നിവയ്ക്കായി ആളുകള്‍ കുടിയേറുകയാണെന്നും തേജസ്വി പറഞ്ഞിരുന്നു. ബീഹാറില്‍ നാള്‍ക്കുനാള്‍ പട്ടിണി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.