ബാലതാരമായി സിനിമയിലെത്തി ഒടുവില്‍ മികച്ച നായിക കഥാപാത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിച്ച നടിയാണ് നിത്യ മേനോന്‍. മോഹന്‍ലാല്‍ ചിത്രം ആകാശഗോപുരത്തിലൂടെയാണ് നിത്യ മലയാളത്തില്‍ ചുവടുറപ്പിക്കുന്നത്.
ചിത്രത്തിലെത്തിയതിനെപ്പറ്റി തുറന്നുപറയുകയാണ് നിത്യ. കുറച്ച് വര്‍ഷം മുമ്പ് കൈരളി ടിവിയിലെ ജെ.ബി. ജംഗ്ഷന് പരിപാടിയ്ക്കിടെയായിരുന്നു നിത്യ ആകാശഗോപുരത്തിലെത്തിയ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു നിത്യ ആകാശഗോപുരത്തില്‍ അഭിനയിച്ചത്.
‘ശരിക്കും പറഞ്ഞാല്‍ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അതേപ്പറ്റി വലിയ ബോധമൊന്നും എനിക്കുണ്ടായിരുന്നില്ല. പക്ഷെ ആദ്യ സിനിമ തന്നെ മോഹന്‍ലാല്‍ എന്ന ഇന്ത്യയിലെ തന്നെ മികച്ച നടന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
എന്നാല്‍ സിനിമയായിരിക്കും എന്റെ പ്രൊഫഷന്‍ എന്ന് ഞാന്‍ അന്ന് കരുതിയിരുന്നില്ല. എനിക്കങ്ങനെ വലിയ താല്‍പ്പര്യമൊന്നും ഉണ്ടായിരുന്നില്ല. ഒന്ന് രണ്ട് ,സിനിമ ചെയ്ത് ഞാന്‍ എന്റെ മറ്റ് ജോലികളിലേക്ക് പോകുമെന്നായിരുന്നു എന്റെ ഒരു ധാരണ.
എന്നാല്‍ സിനിമ ചെയ്ത് തുടങ്ങി ആദ്യത്തെ രണ്ട് മൂന്ന് വര്‍ഷം വരെയും ഈ ചിന്തയുണ്ടായിരുന്നു. ആ സമയത്ത് ഓരോ സിനിമ ചെയ്യുമ്പോഴും വിചാരിക്കും ഇതാണ് എന്റെ അവസാന സിനിമ ഇതിന് ശേഷം ഇനി ചെയ്യില്ല എന്നൊക്കെ,’ നിത്യ പറയുന്നു.
ഹെന്റിക് ഇബ്‌സന്റെ ലോകപ്രശസ്ത നാടകമായ ദി മാസ്റ്റര്‍ ബില്‍ഡര്‍ എന്ന നാടകത്തെ ആധാരമാക്കി കെ.പി. കുമാരന്‍ സംവിധാനം നിര്‍വഹിച്ച മലയാളചലച്ചിത്രമാണ് ആകാശഗോപുരം.
ഭരത് ഗോപി, ശ്വേത മേനോന്‍, ഗീതു മോഹന്‍ദാസ്, മനോജ് കെ. ജയന്‍, ശ്രീനിവാസന്‍, നിത്യ മേനോന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.