ഹ്യുണ്ടായ് ക്രെറ്റയുടെ വിപണി കീഴടക്കാന്‍ നിസാന്റെ കിക്ക്‌സ് വരുന്നു. അടുത്തവര്‍ഷം ജനുവരിയില്‍ കിക്ക്സ് ഇന്ത്യയില്‍ വില്‍പനയ്ക്കെത്തും. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ പുതിയ മോഡലിനെ നിസാന്‍ കൊണ്ടുവരുന്നത്.
രാജ്യാന്തര മോഡലില്‍ നിന്നും വ്യത്യസ്തമായിരിക്കും കിക്ക്‌സിന്റെ ഇന്ത്യന്‍ പതിപ്പെന്ന് നിസാന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡിസൈന്‍ ഡയറക്ടര്‍ അല്‍ഫോന്‍സോ അല്‍ബേയ്‌സ പറയുന്നു. കമ്പനിയുടെ ഇന്ത്യന്‍ ഡിസൈന്‍ സ്റ്റുഡിയോ മോഡലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.
പ്രീമിയര്‍ ക്രോസ്ഓവര്‍ എസ്.യു.വിയെന്ന വിശേഷണത്തോടെയാകും നിസാന്‍ കിക്ക്‌സ് ഇന്ത്യയില്‍ എത്തുക. കമ്പനിയുടെ സിഗ്നേച്ചര്‍ ക്രോസ്ഓവര്‍ ശൈലിയാണ് കിക്ക്‌സ് പിന്തുടരുന്നത്. അകത്തള വിശാലതയ്ക്കും അത്യാധുനിക ഫീച്ചറുകള്‍ക്കും വിദേശ വിപണികളില്‍ കിക്ക്‌സ് ഏറെ പ്രസിദ്ധമാണ്.
നിലവില്‍ കമ്പനി ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളെ കിക്ക്‌സിലും പ്രതീക്ഷിക്കാം. പെട്രോള്‍ എഞ്ചിന് 104 bhp കരുത്തും 142 Nm ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. 108 bhp കരുത്തും 240 Nm ടോര്‍ക്കുമാണ് ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടുക.
അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളായിരിക്കും കിക്ക്‌സിലുണ്ടാവുക. രാജ്യാന്തര വിപണികളില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം കിക്ക്‌സിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഓള്‍ വീല്‍ ഡ്രൈവ് കരുത്തു മോഡലിനുണ്ടാകില്ല. മോഡലിന് 11 മുതല്‍ 16 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.