ന്യൂദല്‍ഹി: നിര്‍ഭയകേസില്‍ വധശിക്ഷക്ക് വിധിച്ച പ്രതി പവന്‍ ഗുപ്തയുടെ ഹരജി സുപ്രീംകോടതി തള്ളി.
നിര്‍ഭയ സംഭവം നടക്കുമ്പോള്‍ തനിക്ക് പതിനെട്ട് വയസ് ആയിട്ടില്ലെന്ന് കാണിച്ചായിരുന്നു പവന്‍ ഗുപ്തയുടെ ഹരജി. നേരത്തെ ദല്‍ഹി ഹൈക്കോടതിയും പവന്‍ ഗുപ്തയുടെ ഹരജി തള്ളിയിരുന്നു.
ഇതേ കാര്യത്തില്‍ തന്നെ എത്ര തവണ വാദം കേട്ടിരിക്കുന്നുവെന്നും താങ്കള്‍ തന്നെ ഇതേ വാദം നിരവധി തവണ ഉയര്‍ത്തിയതല്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പവന്‍ ഗുപ്തക്ക് വേണ്ടി എ.പി സിംഗായിരുന്നു കോടതിയില്‍ ഹാജരായിരുന്നത്. സംഭവം നടക്കുന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും വാദം കേള്‍ക്കുമ്പോള്‍ അത് പരിഗണിച്ചില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സംഭവം നടക്കുന്ന സമയത്ത് പ്രതിക്ക് 19 വയസായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജനനസര്‍ട്ടിഫിക്കറ്റിന്റേയും സ്‌ക്കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റേയും യഥാര്‍ത്ഥ കോപ്പിയുണ്ടെന്നും വാദിച്ചു.