ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മിലുള്ള ഒന്‍പതാം ഘട്ട ചര്‍ച്ചയും പരാജയം. താങ്ങുവിലയുടെ കാര്യത്തില്‍ ഇന്നത്തെ ചര്‍ച്ചയിലും തീരുമാനത്തിലെത്താനായില്ല. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍ ഇപ്പോഴും.
അടുത്ത ഘട്ടചര്‍ച്ച ജനുവരി 19ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നാലംഗ സമിതിയെ ഏര്‍പ്പെടുത്തിയതിന് ശേഷം നടന്ന ആദ്യത്തെ ചര്‍ച്ചയായിരുന്നു ഇത്.
കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, തുടങ്ങിയവരാണ് കര്‍ഷകരുമായി ചര്‍ച്ച ചെയ്തത്.
സമിതിയോട് ഒരിക്കലും സഹകരിക്കില്ലെന്നും കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച തുടരുമെന്നും ബി.കെ.യു നേതാവ് രാകേഷ് ടികായത് പറഞ്ഞു.
കാര്‍ഷിക നിയമത്തിന് സുപ്രീം കോടതി നിലവില്‍ താത്കാലിക സ്‌റ്റേ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം സുപ്രീം കോടതി നിയമിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മന്‍ രാജിവെക്കുകയും ചെയ്തിരുന്നു. താന്‍ എപ്പോഴും കര്‍ഷകര്‍ക്കൊപ്പമാണെന്ന് പറഞ്ഞാണ് ഭൂപീന്ദര്‍ സിംഗ് സമിതിയില്‍ നിന്നും രാജിവെച്ചത്.
അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.
ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുകയും ചെയ്യും. അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീം കോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.
പ്രശ്ന പരിഹാരത്തിനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും സ്ഥിതി ഇത്രയും വഷളാകുന്നത് വരെ നിശബ്ദത പാലിച്ച പ്രധാനമന്ത്രി തങ്ങളോട് മാപ്പ് പറയണമെന്നും കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞിരുന്നു.
കര്‍ഷകസമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്നാണ് കര്‍ഷക സംഘടനകള്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക