അംബാനിക്കുവേണ്ടി സുപ്രീം കോടതി ഉത്തരവില്‍ തിരിമറി; രണ്ട് ഉദ്യോഗസ്ഥരെ അര്‍ദ്ധരാത്രിയില്‍ പിരിച്ചുവിട്ട് ചീഫ് ജസ്റ്റിസ്
national news
അംബാനിക്കുവേണ്ടി സുപ്രീം കോടതി ഉത്തരവില്‍ തിരിമറി; രണ്ട് ഉദ്യോഗസ്ഥരെ അര്‍ദ്ധരാത്രിയില്‍ പിരിച്ചുവിട്ട് ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th February 2019, 8:27 am

ന്യൂദല്‍ഹി: സുപ്രീം കോടതി ഉത്തരവില്‍ തിരിമറി നടത്തിയതിന് രണ്ട് ഉദ്യോഗസ്ഥരെ അര്‍ദ്ധരാത്രിയില്‍ പിരിച്ചുവിട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെ ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചു വിട്ടത്.

അനില്‍ അംബാനിയുടെ റിലൈന്‍സ് കമ്യുണിക്കേഷന്‍സിന് എതിരെ എറിക്സണ്‍ ഇന്ത്യ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലെ ഉത്തരവില്‍ മാറ്റം വരുത്തിയതിന് ആണ് നടപടി.

Read Also : വാട്‌സാപ്പ് വഴി നവദമ്പതികളെ അപമാനിച്ച സംഭവം; ഗ്രൂപ്പ് അഡ്മിന്‍മാര്‍ അടക്കം പതിനൊന്ന് പേര്‍ അറസ്റ്റില്‍; വിദേശത്തുള്ളവര്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ്

കോടതി അലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജനുവരി 7 ന് പുറപ്പെടിവിച്ച വിധിയില്‍ അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജര്‍ അകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി അന്ന് വൈകിട്ട് വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജര്‍ ആകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായി പരാമര്‍ശിച്ചിരുന്നു.

ഇതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടക്കുകയും ജഡ്ജിമാരുടെ അറിവ് ഇല്ലാതെ ആണ് സുപ്രീം കോടതി വെബ് സൈറ്റില്‍ അംബാനിക്ക് ആശ്വാസം ആകുന്ന ഉത്തരവ് അപ്ലോഡ് ചെയ്തത് എന്ന് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടല്‍ ഉത്തരവില്‍ ഇന്നലെ രാത്രി ഒപ്പ് വച്ചത്. സുപ്രീം കോടതി ചട്ടം 11 (13) പ്രകാരം അച്ചടക്ക നടപടിയുടെ ഭാഗമായി ജീവനക്കാരെ പിരിച്ച് വിടാന്‍ ചീഫ് ജസ്റ്റിസിന് അധികാരം ഉണ്ട്.

ഉത്തരവില്‍ തിരിമറി നടത്തിയ വിഷയത്തില്‍ ചില അഭിഭാഷകര്‍ക്ക് എതിരെയും അന്വേഷണം പുരോഗമിക്കുന്നതായാണ് സൂചന.