ഇസ്‌ലാമോഫോബിയ; യു.കെ ഇൻഡിപെൻഡൻസ് പാർട്ടി നേതാവ് നൈജെൽ ഫറാജിന് നേരെ രൂക്ഷ വിമർശനം
World
ഇസ്‌ലാമോഫോബിയ; യു.കെ ഇൻഡിപെൻഡൻസ് പാർട്ടി നേതാവ് നൈജെൽ ഫറാജിന് നേരെ രൂക്ഷ വിമർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2024, 5:20 pm

ലണ്ടൻ: വർധിച്ചുവരുന്ന മുസ്‌ലിം ജനതക്ക് ബ്രിട്ടൻ മൂല്യങ്ങൾ പങ്കിടാനോ ഉൾക്കൊള്ളാനോ സാധിക്കില്ലെന്ന യു.കെ ഇൻഡിപെൻഡൻസ് പാർട്ടി (യു.കെ.ഐ.പി) നേതാവ് നൈജെൽ ഫറാജിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനം. വിദ്വേഷം പ്രചരിപ്പിച്ചതിനും വിവിധ മത വിഭാഗങ്ങ ളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിനുമാണ് നൈജെലിനെതിരെ വിമർശനങ്ങൾ ഉയർന്നത്.

ബ്രിട്ടനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇത്തരം പ്രസ്താവന നടത്തിയത്.

‘ബ്രിട്ടൻ മൂല്യങ്ങളെ അവർക്ക് അംഗീകരിക്കാനാവില്ല. അവരിൽ മിക്കവരും നമ്മുടെ മൂല്യങ്ങളെ വെറുക്കുന്നവരാണ്,’ നൈജെൽ പറഞ്ഞു.

നിങ്ങൾ മുസ്‌ലിങ്ങളെക്കുറിച്ചാണോ സംസാരിക്കുന്നതെന്ന് അവതാരകൻ ചോദിച്ചപ്പോൾ അതെയെന്നും അദ്ദേഹം മറുപടി നൽകി.

മുസ്‌ലിങ്ങളിൽ ഭൂരിപക്ഷം ആളുകളും ഹമാസിനെ പിന്തുണക്കുന്നവരാണ്. തീവ്രവാദ സംഘടനയായ ഹമാസിനെ ബ്രിട്ടൻ അംഗീകരിക്കില്ലെന്നും നൈജിൽ പറഞ്ഞു. .

‘നിലവിൽ ബ്രിട്ടനിൽ നടത്തിയ പല സർവേകളെയും ഞാൻ ഭയപ്പെടുന്നു. 46 ശതമാനം മുസ്‌ലിങ്ങളും തീവ്രവാദ സംഘടനയായ ഹമാസിനെ പിന്തുണക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

തനിക്ക് ഇനിയും വലിയൊരു കാർഡ് ഇറക്കി കളിക്കാനുണ്ടെന്നും ഋഷി സുനകിന്റെ പെട്ടന്നുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം നിരാശ സൃഷ്ടിച്ചെന്നും നൈജെൽ പറഞ്ഞു. കുടിയേറ്റം കുറയ്ക്കുന്നതിലാണ് തന്റെ പാർട്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലേബർ പാർട്ടിയുടെ ക്യാമ്പയിൻ ഗ്രൂപ്പ് ആയ പ്ലൈഡ്‌ സിമ്രവും മോമെന്റും അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ മുന്നോട്ട് വന്നിട്ടുണ്ട്. ഇത് പൂർണമായും ഇസ്‌ലാമോഫോബിയ ആണെന്നാണ് അവർ പറഞ്ഞത്.

‘നമ്മുടെ ടെലിവിഷൻ ചാനലുകളിൽ ഇസ്‌ലാമോഫോബിയ എന്ന വിഷം പ്രചരിപ്പിക്കാൻ നൈജെലിനെ അനുവദിക്കരുത്. നമ്മുടെ രാഷ്ട്രത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം,’ പ്ലൈഡ്‌ സിമ്രവിന്റെ നേതാവ് രാഹുൻ അപ്പ് ലോർവെർത്ത് പറഞ്ഞു.

നിരവധി നേതാക്കൾ നൈജെലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

‘ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി വിവിധ വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് നൈജെൽ ശ്രമിക്കുന്നത്. ഒരു കാരണവശാലും നമ്മൾ അതിന് അനുവദിക്കരുത്. കഴിഞ്ഞ ഏഴ് തവണ നൈജെൽ ദയനീയമായി പരാജയപ്പെട്ടത് വെറുതെയല്ല,’ ലിബറൽ ഡെമോക്രാറ്റിക്‌ ലീഡർ ഡെയ്‌സി കൂപ്പർ പറഞ്ഞു.

നൈജിലിനെതിരെ ഋഷി സുനക് പ്രതികരിക്കണമെന്നും ആവശ്യവും ഉയർന്നിട്ടുണ്ട്.

 

Content Highlight: Nigel Farage under fire after saying Muslims do not share British values