ഖത്തർ ലോകകപ്പിലെ തോൽവിക്ക് ശേഷം കണ്ണീരോടെ കളം വിട്ട ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയർ അടുത്ത ലോകകപ്പ് വരെ ടീമിനൊപ്പം തുടരുമെന്ന് റിപ്പോർട്ട്. ക്വാർട്ടറിൽ ക്രൊയേഷ്യയുമായി നടന്ന പോരാട്ടത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയ കാനറികൾ നിരാശയോടെയാണ് നാട്ടിലേക്ക് മടങ്ങിയത്.
തുടർന്ന് നെയ്മർ ദേശീയ ടീമിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുന്നുവെന്ന വാർത്തയാണ് പുറത്തുവന്നത്.
എന്നാലിപ്പോൾ ബ്രസീലിയൻ മാധ്യമങ്ങളാണ് ബ്രസീലിനായി കോപ്പ അമേരിക്കയിലും ഒളിംപിക്‌സിലും കോൺഫഡറേഷൻ കപ്പിലുമെല്ലാം കിരീടം സമ്മാനിച്ച താരം ഒരിക്കൽ കൂടി ലോകകപ്പ് കളിക്കുമെന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
2026ലെ ലോകകപ്പിനൊരുങ്ങുമ്പോൾ താരത്തിന് 34 വയസാകുമെങ്കിലും അടുത്ത സുഹൃത്തായ ലയണൽ മെസിയാണ് തനിക്ക് പ്രചോദനമായതെന്നാണ് നെയ്മർ പറഞ്ഞത്. മെസി വിശ്വകിരീടമുയർത്തിയപ്പോൾ താരത്തിന് ആശംസകൾ അറിയിച്ച് നെയ്മർ രംഗത്തെത്തിയിരുന്നു.
ഖത്തർ ലോകകപ്പിൽ 77ാം ഗോൾ നേടിയ നെയ്മർ പെലെയുടെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു. 123 മത്സരങ്ങളിൽ നിന്നാണ് നെയ്മർ ഈ നേട്ടം സ്വന്തമാക്കിയത്. പെലെ 92 മത്സരങ്ങളിൽ നിന്നാണ് ഗോൾ നേട്ടം 77 തികച്ചത്. ബ്രസീലിനായി മൂന്ന് ലോകകപ്പുകളിൽ വലകുലുക്കുന്ന മൂന്നാമത്തെ താരമായി നെയ്മർ മാറി. 2014, 2018, 2022 ലോകകപ്പുകളിലാണ് നെയ്മറുടെ നേട്ടം.
പെലെയും റൊണാൾഡോ നസാരിയോയുമാണ് നെയ്മറിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ബ്രസീലിയൻ താരങ്ങൾ. പെലെ 1958, 1962, 1996, 1970 ലോകകപ്പുകളിലും റൊണാൾഡോ 1998, 2002, 2006 ലോകകപ്പുകളിലും ബ്രസീലിനായി ഗോൾ നേടി.
നിലവിൽ ഫ്രാൻസിലെ ടോപ്പ് ടയർ ലീഗായ ലീഗ് വണ്ണിൽ പി.എസ്.ജിക്കായി 11 ഗോളുകളോടെ എംബാപ്പെക്ക് മാത്രം പിന്നിലാണ് നെയ്മർ.