പറയുന്നവര്‍ പറയട്ടെ, നീ അങ്ങനെ തന്നെ കളിക്കെടാ ചെക്കാ; മാഞ്ചസ്റ്റര്‍ സൂപ്പര്‍ താരത്തിന് നെയ്മറിന്റെ കട്ട സപ്പോര്‍ട്ട്
Football
പറയുന്നവര്‍ പറയട്ടെ, നീ അങ്ങനെ തന്നെ കളിക്കെടാ ചെക്കാ; മാഞ്ചസ്റ്റര്‍ സൂപ്പര്‍ താരത്തിന് നെയ്മറിന്റെ കട്ട സപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th October 2022, 10:11 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്നേറ്റ നിരയിലെ കരുത്തനും ബ്രസീലിയന്‍ ഇന്റര്‍നാഷണലുമായ ആന്റണിക്ക് പിന്തുണയുമായി പി.എസ്.ജി സൂപ്പര്‍ താരവും ബ്രസീലില്‍ ആന്റണിയുടെ സഹതാരവുമായ നെയ്മര്‍ ജൂനിയര്‍. ആന്റണിക്കെതിരെ ഷോ ബോട്ടിങ് വിമശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് താരത്തിന് സപ്പോര്‍ട്ടുമായി നെയ്മര്‍ എത്തിയത്.

ഫുട്‌ബോളില്‍ എതിരാളികളെ കബളിപ്പിക്കുന്നതില്‍ താരങ്ങള്‍ സ്‌കില്ലുകള്‍ ഉപയോഗിക്കാറുണ്ട്. ഡ്രിബിളുകളും പാസുകളുമായി അത്തരത്തില്‍ സ്‌കില്ലുകളുടെ ആശാനാണ് നെയ്മര്‍.

എന്നാല്‍ എതിരാളികളെ കബളിപ്പിക്കുന്നതിന് പകരം തന്റെ സ്‌കില്ലുകള്‍ കാട്ടി ഷോ ഇറക്കുന്നതിനെയാണ് ഷോ ബോട്ടിങ് എന്ന് പറയുന്നത്. അത്തരത്തിലുള്ള ഷോ ബോട്ടിങ് വിമര്‍ശനമാണ് ഇപ്പോള്‍ ആന്റണിക്കെതിരെ ഉയരുന്നത്.

യൂറോപ്പ ലീഗില്‍ ഷെരിഫിനെതിരായ മത്സരത്തിലായിരുന്നു ആന്റണി തന്റെ കഴിവുകള്‍ എതിരാളികള്‍ക്കും കാണികള്‍ക്കും കാണിച്ചുകൊടുക്കാന്‍ തീരുമാനിച്ചത്.

മത്സരത്തിന്റെ 38ാാം മിനിട്ടില്‍ താരം തന്റെ ഐക്കോണിക് 360 ഡിഗ്രി ഡബിള്‍ സ്പിന്‍ ചെയ്യുകയായിരുന്നു. ഫ്രിഡ്‌ജെറ്റ് സ്പിന്നര്‍ എന്നും ആരാധകര്‍ പേരിട്ടുവിളിക്കുന്ന ഈ സ്‌കില്‍ ആന്റണി പുറത്തെടുത്തതോടെ മാഞ്ചസ്റ്ററിന്റെ ഹോം സ്‌റ്റേഡിയം അര്‍ത്തിരമ്പിയിരുന്നു.

എന്നാല്‍ മാഞ്ചസ്റ്റര്‍ കോച്ച് എറിക് ടെന്‍ ഹാഗ് ആന്റണിയുടെ ഷോ ബോട്ടിങ്ങില്‍ അല്‍പം കലിപ്പില്‍ തന്നയായിരുന്നു. ഇതിന് പിന്നാലെ താരത്തെ 46ാം മിനിട്ടില്‍ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. ടെന്‍ ഹാഗ് മാത്രമല്ല നിരവധി ഫുട്‌ബോള്‍ പണ്ഡിറ്റുകളും ആന്റണിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍, ഈ അവസരത്തില്‍ തന്റെ സഹതാരത്തിന് നെയ്മര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നെയ്മര്‍ ആന്റണിക്ക് പിന്തുണയറിയിച്ചത്.

‘കീപ് ഇറ്റ് അപ്, ഡോണ്ട് ചെയ്ഞ്ച് എനിത്തിങ്! ഗോ ഫോര്‍ ഇറ്റ് ബോയ്! ബോള്‍ഡ്‌നെസ് ജോയ് (Keep it up, dont change anything!, Go for it boy! Boldbness and joy!) എന്നായിരുന്നു നെയ്മര്‍ ആന്റണിയുടെ സ്‌കില്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

 

മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ വിജയിച്ചിരുന്നു. ഡിയാഗോ ഡാലോട്ടും, മാര്‍കസ് റാഷ്‌ഫോര്‍ഡും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായിരുന്നു ടീമിനായി സ്‌കോര്‍ ചെയ്തത്. നിലവില്‍ യൂറോപ്പ ലീഗ് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ റയല്‍ സോസിഡാഡിന് പിന്നില്‍ രണ്ടാമതാണ് മാഞ്ചസ്റ്റര്‍.

പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

 

Content highlight: Neymar supports Antony