ബാഴ്‌സലോണയില്‍ കരാര്‍ പുതുക്കാന്‍ കഴിയാതെ വന്നതോടെയാണ് ലയണല്‍ മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറിയത്. പുതിയ തട്ടകത്തിലെത്തിയ മെസി പല സംഘര്‍ഷങ്ങളിലൂടെ കടന്നുപോയെങ്കിലും ബാഴ്‌സലോണയില്‍ സഹതാരമായിരുന്ന നെയ്മറായിരുന്നു ആശ്രയമായിട്ടുണ്ടായിരുന്നത്. ഇരുവരുടെയും കൂട്ടുകെട്ടിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
നെയ്മര്‍ക്ക് പുറമെ എയ്ഞ്ചല്‍ ഡി മരിയ, ലിയാന്‍ഡ്രോ പെരേഡസ് എന്നിവരും അന്ന് ടീമിലുണ്ടായിരുന്നു. ഇരുവരും ക്ലബ്ബ് വിട്ടപ്പോഴും മെസിയും നെയ്മറും പി.എസ്.ജിയില്‍ തുടര്‍ന്നു. 2023ല്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിച്ചതോടെ മെസി പാരീസ് വിടുകയായിരുന്നു.
പി.എസ്.ജി വിട്ട് ഫ്രീ ഏജന്റായ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്ന് കരുതിയിരുന്നെങ്കിലും എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈനിങ് നടത്താനായിരുന്നു താരത്തിന്റെ തീരുമാനം.
തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് മെസിയെ തേടിയെത്തിയത്. യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് മെസി നിലവാരം കുറഞ്ഞ ഒരു ലീഗില്‍ കളിക്കാന്‍ തീരുമാനിച്ചതിനെ പലരും ചോദ്യം ചെയ്തു. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നെയ്മര്‍.
തങ്ങള്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും മിയാമി നഗരവും അവിടത്തെ ജീവിത ശൈലിയും മെസിക്ക് സന്തോഷം നല്‍കുമെന്നും മനസിലാക്കിയതോടെയാണ് അദ്ദേഹം അങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് നെയ്മര്‍ പറഞ്ഞത്. മെസി എത്തുന്നതോടെ അമേരിക്കന്‍ ലീഗിന്റെ നിലവാരം ഉയരുമെന്നും ഇന്റര്‍ മിയാമിയെ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും നെയ്മര്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസി അമേരിക്കല്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈനിങ് നടത്തുമെന്ന വിവരം അറിയിച്ചത്. മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ താരം തന്നെയാണ് വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയത്. രണ്ട് വര്‍ഷത്തെ കരാറിലാണ് എം.എല്‍.എസ് ക്ലബ്ബുമായി മെസി ഒപ്പുവെക്കുക.