Football
ഖത്തറില്‍ ആറാം കിരീടം നേടുമെന്നതിന്റെ തെളിവുമായി നെയ്മര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Nov 20, 09:22 am
Sunday, 20th November 2022, 2:52 pm

ഇറ്റലിയിലെ പരിശീലനം പൂർത്തിയാക്കിയ ടീം ബ്രസീൽ ശനിയാഴ്ചയാണ് ഖത്തറിലെത്തിയത്. യുവന്റസിന്റെ പരിശീലന സൗകര്യങ്ങളായിരുന്നു ബ്രസീൽ ഉപയോഗപ്പെടുത്തിയിരുന്നത്.

വലിയ ആരാധക കൂട്ടമായിരുന്നു സൂപ്പർതാരം നെയ്മറിനെയും സംഘത്തെയും വരവേൽക്കാൻ ഖത്തറിൽ തടിച്ചു കൂടിയിരുന്നത്.

ഖത്തറിൽ എത്തിയ ഉടൻ നെയ്മർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. താരം പങ്കുവെച്ച ഷോർട്‌സിന്റെ ചിത്രമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

നിലവിൽ ഏറ്റവും കൂടുതൽ വേൾഡ് കപ്പ് കിരീടങ്ങൾ നേടിയ ടീമാണ് ബ്രസീൽ. അഞ്ച് തവണയാണ് കാനറിയൻമാർ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടിട്ടുള്ളത്. അതിന്റെ സൂചകമായി അഞ്ച് നക്ഷത്രങ്ങളടങ്ങിയ എംബ്ലം പതിപ്പിച്ച ഷോർട്‌സാണ് നെയ്മർ അണിഞ്ഞിട്ടുള്ളത്.

എന്നാൽ അതിനോട് ചേർന്ന് ഏറ്റവും മുകളിലായി പതിപ്പിച്ച നക്ഷത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്. ആറാമത്തെ നക്ഷത്രം ഖത്തറിൽ നേടാനിരിക്കുന്ന കിരീടത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് ചിത്രം വ്യക്തമാക്കുന്നത്.

ലോകകപ്പ് ഫേവറിറ്റുകളിൽ പ്രധാനികളായ ടീം ബ്രസീൽ കിരീടം നേടാൻ കൽപ്പിച്ച് തന്നെയാണ് ഇത്തവണ ഖത്തറിലെത്തിയിരിക്കുന്നത്. മികച്ച പരിശീലനം നടത്തിയതിന് ശേഷമാണ് ടിറ്റെയും സംഘവും ഫുട്‌ബോൾ മാമാങ്കത്തിന് പുറപ്പെട്ടിരിക്കുന്നത്.

വേൾഡ് കപ്പിൽ ഏത് ടീമിനും വെല്ലുവിളിയാകുന്ന തരത്തിലാണ് ടിറ്റെ തങ്ങളുടെ പടയൊരുക്കിയിരിക്കുന്നത്. അറ്റാക്ക് ചെയ്ത് കളിക്കാൻ തന്നെയാണ് ഇത്തവണ ടീമിന്റെ തീരുമാനമെന്നാണ് സ്‌ക്വാഡ് പ്രഖ്യാപനത്തിൽ നിന്നും മനസിലാകുന്നത്.

സൂപ്പർ താരങ്ങളായ തിയാഗോ സിൽവ, കാസിമെറോ, നെയ്മർ തുടങ്ങിയ കരുത്തർ അടങ്ങുന്നതാണ് ലാറ്റിനമേരിക്കൻ വമ്പൻമാരുടെ പട. ഈ സീസണിൽ മികച്ച ഫോം കാഴ്ചവെക്കുന്ന നെയ്മറിൽ വലിയ പ്രതീക്ഷയാണ് ബ്രസീൽ ചെലുത്തുന്നത്.

നവംബർ 24ന് സെർബിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. നവംബർ 28നും ഡിസംബർ 3നും ഗ്രൂപ്പ് ജിയിലെ മറ്റ് എതിരാളികളായ സ്വിറ്റ്‌സർലാൻഡിനെയും കാമറൂണിനെയും ബ്രസീൽ നേരിടും.

Content Highlights: Neymar and team is all set for Qatar world cup