ലീഗ് വണ്ണില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ടോളോസിനെതിരെ രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജി വിജയിച്ചിരുന്നു. ഒരു ഗോളിന് പിന്നിലായ ശേഷമാണ് രണ്ട് ഗോളുകള്‍ നേടി പി.എസ്.ജി വിലപ്പെട്ട രണ്ട് പോയിന്റുകള്‍ തങ്ങളുടെ അക്കൗണ്ടിലാക്കിയത്.
നെയ്മറും എംബാപ്പെയും ടോളോസിനെതിരെയുള്ള സ്‌ക്വാഡില്‍ ഇടം പിടിച്ചിരുന്നില്ല. പരിക്ക് മൂലമാണ് ഇരുതാരങ്ങള്‍ക്കും ബെഞ്ചിലിരിക്കേണ്ടി വന്നത്. മത്സരത്തില്‍ ലയണല്‍ മെസിയും അഷ്റഫ് ഹക്കിമിയുമാണ് പി.എസ്.ജിക്കായി ഗോള്‍ നേടിയത്.
ചാമ്പ്യന്‍സ് ലീഗ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നെയ്മറിനും എംബാപ്പെക്കും പുറമെ സെര്‍ജിയോ റാമോസും പരിക്കിന്റെ പിടിയിലായത് ആരാധകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.
എന്നാല്‍ നെയ്മറും റാമോസും വിശ്രമം കഴിഞ്ഞ് പരിശീലന ക്യാമ്പില്‍ തിരച്ചെത്തിയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്‌ക്വാഡിനൊപ്പം തിരിച്ചെത്തിയ വിവരം നെയ്മര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്.
പി.എസ്.ജി വളരെ നിര്‍ണായക മത്സരങ്ങളാണ് ഇനി കളിക്കാന്‍ പോകുന്നത്. കോപ്പ ഡി ഫ്രാന്‍സിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ശക്തരായ മാഴ്‌സെയാണ് പി.എസ്.ജിയുടെ എതിരാളികള്‍. മത്സരത്തില്‍ ഇരുവര്‍ക്കും കളിക്കാനാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഫെബ്രുവരി ഒമ്പതിനാണ് മത്സരം നടക്കുക.
അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ ഫെബ്രുവരി 14നാണ് പി.എസ്.ജി ബയേണ്‍ മ്യൂണിക്കിനെ നേരിടുന്നത്. പരിക്കിന്റെ പിടിയിലായതിനാല്‍ എംബാപ്പെക്ക് മത്സരം നഷ്ടമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ നെയ്മര്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.