Kerala News
മഞ്ജു ക്ഷേത്രത്തില്‍ പോലും നൃത്തം ചെയ്യുന്നത് അയാള്‍ക്ക് ഇഷ്ടമായിരുന്നില്ല; ദിലീപ് രാത്രി ഒന്നരയ്ക്ക് വിളിച്ച് ആക്രോശിച്ചെന്ന് ഭാഗ്യലക്ഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 21, 02:23 am
Thursday, 21st April 2022, 7:53 am

കൊച്ചി: സാക്ഷിമൊഴി നല്‍കാന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

മഞ്ജു ഡാന്‍സ് കളിക്കാന്‍ പോകുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ലെന്നും ഇക്കാര്യം പറഞ്ഞുകൊണ്ട് രാത്രി ഒന്നരയ്ക്ക് തന്നെ വിളിച്ചിരുന്നുവെന്നും ആക്രോശിച്ചിരുന്നുവെന്നുമാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

റിപ്പോര്‍ട്ടര്‍ ടി.വിയിലെ എഡിറ്റേഴ്‌സ് അവറിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

കരിക്കകം ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടാണ് ദിലീപ് തന്നെ വിളിച്ചതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. എന്നാല്‍ ഇക്കാര്യം താന്‍ മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ദിലീപ് തന്നോട് ആക്രോശിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഉത്സവത്തിന്റെ ഭാഗമായി മഞ്ജുവിന്റെ നൃത്തപരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ എന്നെയാണ് സമീപിച്ചത്. അന്ന് മഞ്ജുവിനെ പരിചയമില്ലായിരുന്നു. ഗീതു മോഹന്‍ദാസിന്റെ കൈയ്യില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് മഞ്ജുവിനോട് കാര്യം പറഞ്ഞു.

തനിക്കിപ്പോള്‍ കാശിന് ആവശ്യമുണ്ടെന്നും ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണെന്നും മഞ്ജു പറഞ്ഞു. അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് മഞ്ജു ഏറ്റു,’ ഭാഗ്യലക്ഷ്മി പറയുന്നു.

ആ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മഞ്ജു തീരുമാനിച്ചുവെന്നും പരിപാടിയുടെ പ്രതിഫലം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് പറഞ്ഞുറപ്പിച്ചതിന്റെ അന്ന് രാത്രിയാണ് ദിലീപ് തന്നെ വിളിച്ചതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇതില്‍ നിന്നും മഞ്ജുവിനെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞതോടെയാണ് ദിലീപ് ആക്രോശിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ജുവിന് തന്നോട് ബഹുമാനമുണ്ടെന്നും താന്‍ പറഞ്ഞാല്‍ കേള്‍ക്കുമെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. എന്നാല്‍, 14 വര്‍ഷം കൂടെ താമസിച്ച നിങ്ങള്‍ക്ക് അവരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നലെ വന്ന തനിക്കാണോ സ്വാധീനിക്കാന്‍ കഴിയുക എന്ന് ചോദിച്ചതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മില്‍ രൂക്ഷമായ സംഭാഷണം ഉണ്ടായതെന്നും ഭാഗ്യലക്ഷമി വെളിപ്പെടുത്തി.

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായ അനൂപിനെ മൊഴി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ പഠിപ്പിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

Content Highlight:  Dubbing artist Bhagyalakshmi against Dileep