പകല്‍ മുഴുവന്‍ ഒടിഞ്ഞ കാലിന്റെ ഉപകരണം വെച്ച് നടക്കും, രാത്രിയില്‍ അസഹ്യമായ വേദന, എന്നാലും മമ്മൂട്ടി അടുത്ത ദിവസം ഷൂട്ടിനെത്തും; ന്യൂദല്‍ഹി സിനിമയെ കുറിച്ച് നിര്‍മാതാവ്
കൊച്ചി: സിനിമയെ വളരെ ഗൗരവമായി കാണുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്ന് ബോധ്യപ്പെട്ടത് ന്യൂദല്‍ഹി ചിത്രത്തിലൂടെയാണെന്ന് നിര്‍മാതാവ് ജൂബിലിജോയ്. അക്കാലത്ത് മലയാളിയുടെ അഭിരുചികള്‍ ഇത്തരമൊരു സിനിമയെ ഉള്‍ക്കൊള്ളാന്‍ പാകത്തിനായിരുന്നില്ലെന്നും എന്നാല്‍ പ്രേക്ഷകര്‍ തങ്ങളെ ഞെട്ടിച്ചുകളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
”അതൊരു ചരിത്രമാണ്, മലയാള സിനിമയില്‍ ഇടംപിടിക്കാന്‍ ഇറങ്ങിത്തിരിച്ച മമ്മൂട്ടി എന്ന മഹാനടനിലേയ്ക്കു നീണ്ടുകിടക്കുന്ന മലയാള സിനിമയുടെ ചരിത്രം. അതാണ് ന്യൂഡല്‍ഹി എന്ന സിനിമ. അന്നോളം മലയാളത്തില്‍ എത്തിയ സിനിമകളില്‍ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ സിനിമകൂടിയായിരുന്നു അത്. കാരണം അന്നത്തെ മലയാളിയുടെ അഭിരുചികള്‍ ഇത്തരമൊരു സിനിമയെ ഉള്‍ക്കൊള്ളാന്‍ പാകത്തിനായിരുന്നില്ല. പക്ഷെ ആ പ്രേക്ഷകര്‍ ഞങ്ങളെ ഞെട്ടിച്ചു. സിനിമ വന്‍ വിജയമായി എന്നുമാത്രമല്ല സിനിമയെ വളരെ ഗൗരവമായി കാണുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്ന് അവര്‍ സ്ഥാപിക്കുകകൂടി ചെയ്തു.” ജൂബിലി ജോയ് പറയുന്നു.
സിനിമയുടെ വിജയം അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടേയും വിജയമാണെന്നും എന്നാലും മമ്മൂട്ടി എന്ന മഹാനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ന്യൂദല്‍ഹി പ്രേക്ഷകന് പ്രിയപ്പെട്ടതാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ അദ്ദേഹം വളരെ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചു. പകല്‍ മുഴുവന്‍ ഒടിഞ്ഞ കാലിന്റെ ഉപകരണം വെച്ച് നടക്കേണ്ടി വരുന്നതിനാല്‍ രാത്രിയില്‍ അസഹനീയമായ വേദനയാണ്. എങ്കിലും ഇതൊന്നും വകവെയ്ക്കാതെ അടുത്ത ദിവസവും അദ്ദേഹം ലൊക്കേഷനില്‍ എത്തും.’, ജൂബിലി ജോയ് പറഞ്ഞു.
1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂദല്‍ഹി എന്ന സിനിമ മമ്മൂട്ടിയ്ക്ക് ഏറെ നാളുകള്‍ക്ക് ശേഷം ബ്രേക്ക് നല്‍കിയ സിനിമയായിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷമിറങ്ങിയ സിനിമ സൂപ്പര്‍ഹിറ്റായി.
ഡെന്നീസ് ജോസഫ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ സുരേഷ് ഗോപി, സുമലത, ത്യാഗരാജന്‍, ഉര്‍വശി, സിദ്ദീഖ്, വിജയരാഘവന്‍ ദേവന്‍ തുടങ്ങി വന്‍ താരനിര ഉണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക