വെല്ലിംഗ്ടണ്‍: സിഗരറ്റ് വാങ്ങുന്നതില്‍ നിന്നും ചെറുപ്പക്കാരെ വിലക്കിക്കൊണ്ട് നിയമം പാസാക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്.
ജനങ്ങളിലെ പുകവലി ശീലത്തെ മാറ്റിയെടുക്കുന്നതിന് മറ്റ് നടപടികള്‍ കൂടുതല്‍ സമയമെടുക്കുമെന്ന് കണ്ടാണ് സിഗരറ്റ് വ്യവസായത്തെ നേരിട്ട് ബാധിക്കുന്ന ഈ നടപടിയിലേയ്ക്ക് ഭരണകൂടം കടക്കുന്നത്.
14 വയസില്‍ താഴെയുള്ളവര്‍ക്കായിരിക്കും നിയമം ബാധകമാവുക.
പുകവലിക്കാരില്‍ ഭൂരിഭാഗവും ചെറിയ പ്രായത്തിലാണ് ഈ ശീലം തുടങ്ങുന്നത് എന്ന് കണക്കുകളിലൂടെ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കിടയില്‍ ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പുകയില ഉല്‍പന്നങ്ങളില്‍ നിക്കോട്ടിന്റെ അളവ് കുറക്കുന്നതിനും അവ വില്‍ക്കുന്നതിന് അനുമതിയുള്ള റീട്ടെയിലര്‍മാരുടെ എണ്ണം നിയന്ത്രിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
ആരോഗ്യ വകുപ്പുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം 2022 ജൂണ്‍ മാസത്തോട് കൂടി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും അടുത്ത വര്‍ഷം അവസാനത്തോടു കൂടി നിയമമാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് നിലവില്‍ അധികൃതര്‍ പദ്ധതിയിടുന്നത്. 2027 ഓടുകൂടി ‘പുകവലിക്കാത്ത തലമുറ’യായി രാജ്യത്തെ യുവജനങ്ങളെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
50 ലക്ഷത്തിലധികമാണ് ന്യൂസിലാന്‍ഡിലെ ആകെ ജനസംഖ്യ. 15 വയസിന് മുകളിലുള്ള ന്യൂസിലാന്‍ഡിലെ ജനങ്ങളില്‍ 11.6 ശതമാനം പേരാണ് സിഗരറ്റ് വലിക്കുന്നവരായുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുകവലി കാരണം ന്യൂസിലാന്‍ഡില്‍ 5000 പേര്‍ ഒരു വര്‍ഷം മരിക്കുന്നുണ്ടെന്നും രേഖകള്‍ പറയുന്നു.
നിയമം നടപ്പിലാവുന്നതോടെ പുകവലി ഉല്‍പന്നങ്ങളുടെ വ്യവസായത്തിന് ഏറ്റവുമധികം നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലൊന്നായി ന്യൂസിലാന്‍ഡ് മാറും. നിലവില്‍ ഭൂട്ടാനില്‍ സിഗരറ്റ് പൂര്‍ണമായും നിരോധിച്ചതാണ്.