സൈന്യത്തലവന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്; മ്യാന്‍മറുമായുള്ള ഉന്നതതല ബന്ധം ഉപേക്ഷിക്കുന്നുവെന്ന് ജസീന്ത
World News
സൈന്യത്തലവന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്; മ്യാന്‍മറുമായുള്ള ഉന്നതതല ബന്ധം ഉപേക്ഷിക്കുന്നുവെന്ന് ജസീന്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th February 2021, 10:54 am

വെല്ലിംഗ്ടണ്‍: മ്യാന്‍മറിലെ സൈന്യത്തലവന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്. മ്യാന്‍മറുമായുള്ള എല്ലാ ഉന്നതതല ബന്ധങ്ങളും ഉപേക്ഷിക്കുന്നുവെന്നും ന്യൂസിലാന്‍ഡ് പറഞ്ഞു.

മ്യാന്‍മറിലെ മിലിറ്ററി സര്‍ക്കാരിന് ഒരു വിധത്തിലുള്ള സഹായവും നല്‍കില്ലെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വ്യക്തമാക്കി.

” ന്യൂസിലാന്‍ഡില്‍ നിന്ന് ചെയ്യാന്‍ സാധിക്കുന്നതൊക്കെ ഞങ്ങള്‍ ചെയ്യും. ഇതിന്റെ ഭാഗമായാണ് മ്യാന്‍മറുമായുള്ള ഉന്നതതല ബന്ധം ഉപേക്ഷിക്കുന്നത്.

മ്യാന്‍മറിന് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിങ്ങ് മിലിറ്ററി സര്‍ക്കാരിനെ സഹായിക്കുന്ന വിധത്തിലായിരിക്കില്ലെന്ന് ഉറപ്പുവരുത്തും,” ജസീന്ത പറഞ്ഞു.

2018 മുതല്‍ 2021 വരെ 30 മില്ല്യണ്‍ യു.എസ് ഡോളറിന്റെ സഹായം മ്യാന്‍മറിന് ന്യൂസിലാന്‍ഡ് അനുവദിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മ്യാന്‍മറിലെ സൈനിക ഭരണത്തിന് വിശ്വാസ്യതയില്ലെന്നും തടവിലാക്കിയ രാഷ്ട്രീയക്കാരെയെല്ലാം ഉടന്‍ പട്ടാളം വിട്ടയക്കണമെന്നും ജസീന്ത ആവശ്യപ്പെട്ടു.

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചാണ് പട്ടാളം അട്ടിമറി നടത്തിയത്. ആങ് സാങ് സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തടവിലാണ്.

നൂറോളം പാര്‍ലമെന്ററി അംഗങ്ങളെ തുറന്ന ജയിലില്‍ തടങ്കലിലാക്കിയിരിക്കുകയാണ്. ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.

സൈന്യം ഉടന്‍ നടപടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം മ്യാന്‍മറിനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. പട്ടാളഅട്ടിമറിക്കെതിരെ വലിയ പ്രതിഷേധമാണ് മ്യാന്‍മറില്‍ നിന്ന് ഉയര്‍ന്നുവരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: New Zealand suspends ties with Myanmar; to ban visits from military leaders