ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞു കൊണ്ടാണ് ഞായറാഴ്ച നടന്ന ടി-20 മാച്ചില്‍ ഇന്ത്യ ജയിച്ചു കയറിയത്. ടി-20 ഫോര്‍മാറ്റിന്റെ ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ രണ്ടാം മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യം വെച്ചായിരുന്നു ഇരു ടീമും ബേ ഓവലില്‍ കളത്തിലിറങ്ങിയത്.
എന്നാല്‍ സൂര്യകുമാര്‍ എന്ന മലവെള്ളപ്പാച്ചിലില്‍ കിവി പക്ഷികള്‍ ഒലിച്ചു പോവുകയായിരുന്നു. 51 പന്തില്‍ നിന്നും 111 റണ്‍സുമായി ഇന്നിങ്‌സിനെ മുന്നില്‍ നിന്നും നയിച്ച താരത്തിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സായിരുന്നു നേടിയത്.
ടി-20 ലോകകപ്പിലടക്കം അടുത്ത കാലത്തായി ഫോമില്ലായ്മ തുടരുന്ന കെയ്ന്‍ വില്യംസണ്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്ത മത്സരം കൂടിയായിരുന്ന കഴിഞ്ഞ ദിവസത്തേത്. ഒരു ക്യാപ്റ്റന്റെ ആത്മവിശ്വാസത്തോടെ ടീമിനെ തോല്‍വിയില്‍ നിന്നും കരകയറ്റാനും അദ്ദേഹം ശ്രമിച്ചു.
പക്ഷെ പരമ്പരയിലെ നിര്‍ണായകമായ അടുത്ത മാച്ചില്‍ കെയ്ന്‍ വില്യംസണ്‍ കളിക്കില്ല. മാച്ച് നടക്കുന്ന നവംബര്‍ 22ന് നേരത്തെ നിശ്ചയിച്ച മെഡിക്കല്‍ അപ്പോയ്ന്‍മെന്റ് ഉള്ളതിനാലാണ് അദ്ദേഹത്തിന് ഒഴിവാകേണ്ടി വന്നത്.
‘കെയ്ന്‍ കുറച്ചധികം നാളായി ഈ ഒരു മെഡിക്കല്‍ അപ്പോയ്ന്‍മെന്റിന് വേണ്ടി ശ്രമിക്കുന്നു. പക്ഷെ നമ്മുടെ ഷെഡ്യൂളില്‍ സെറ്റായില്ല. കളിക്കാരുടെ ആരോഗ്യം തന്നെയാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഓക്ക്‌ലാന്‍ഡില്‍ അദ്ദേഹം ടീമിനൊപ്പം ചേരും,’ ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു.