ക്രൈസ്റ്റ് ചര്‍ച്ച്: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ “പേരില്ലാത്തവന്‍” ആയി കണക്കാക്കുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡന്‍. വെള്ളിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം ആദ്യമായി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരാക്രമണത്തില്‍ മരണപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ചുപറയേണ്ടത്. അക്രമിയുടെ പേരല്ലെന്നും ജസിണ്ട പറഞ്ഞു. “ന്യൂസിലന്‍ഡ് നിയമത്തിന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച്” അക്രമം നടത്തിയയാളെ നേരിടുമെന്നും ജസിണ്ട പറഞ്ഞു.
അറബ് ആശംസാവചനമായ “അസ്സലാമു അലൈക്കും” എന്ന അഭിസംബോധനയോടെയാണ് ജസിണ്ട പ്രസംഗം ആരംഭിച്ചത്.
നേരത്തെ ഹിജാബ് ധരിച്ചായിരുന്നു ജസിണ്ട കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചത്. ഇത് ലോകത്തിന്റെ കയ്യടി നേടിയിരുന്നു.
അതിനിടെ, തനിക്ക് അഭിഭാഷകന്‍ വേണ്ടെന്നും സ്വയം വാദിച്ചുകൊള്ളാമെന്നുമുള്ള തീവ്രവാദി ബ്രെണ്ടന്‍ ടെറന്റിന്റെ നിലപാടില്‍ ആശങ്കയുണ്ടെന്ന് ജസിണ്ട കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ടെറന്റ് അയാളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കാനുള്ള അവസരമായി ഇതിനെ മുതലെടുക്കുമോയെന്നാണ് തന്റെ ആശങ്കയെന്നും അവര്‍ വിശദീകരിച്ചിരുന്നു.
അതാണ് അയാള്‍ ലക്ഷ്യമിടുന്നതെങ്കില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചരിപ്പിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞവെള്ളിയാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണം നടന്നത്. രണ്ടു മുസ്ലിം പള്ളികളിലായി 49 നിരപരാധികളുടെ ജീവനെടുക്കുന്നതിന് മുമ്പ് ബ്രെണ്ടന്‍ ടെറന്റ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മെഷീന്‍ ഗണ്ണുകളുടെ ചിത്രങ്ങളും, തന്റെ പ്രവൃത്തികളെ നീതീകരിക്കുന്ന മാനിഫെസ്റ്റോയും ഇയാള്‍ നേരത്തെ പങ്കു വെച്ചിരുന്നു.
74 പേജുകളുള്ള മാനിഫെസ്റ്റോ കുടിയേറ്റ, ഇസ്ലാം വിരുദ്ധതയെ പറ്റിയാണ് പറയുന്നത്. മുസ്‌ലീങ്ങള്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെയും, ഇസ്‌ലാം മത വിശ്വാസികള്‍ക്കെതിരെ നടത്തേണ്ട ആക്രമണങ്ങളെ പറ്റിയും ഇയാള്‍ തന്റെ മാനിഫെസ്റ്റോയില്‍ വാചാലനാകുന്നുണ്ട്.