ന്യൂസിലന്‍ഡ് മോസ്‌ക് ആക്രമണം: 'കൊലച്ചിരി'യുമായി ബ്രെണ്ടന്‍ ടെറന്റ് കോടതിയില്‍
World News
ന്യൂസിലന്‍ഡ് മോസ്‌ക് ആക്രമണം: 'കൊലച്ചിരി'യുമായി ബ്രെണ്ടന്‍ ടെറന്റ് കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th March 2019, 10:44 am

ക്രൈസ്റ്റ്ചര്‍ച്ച്: കഴിഞ്ഞ വെള്ളിയാഴ്ച്ച ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടത്തിയ വെടിവെപ്പില്‍ 49 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ 28കാരന്‍ ബ്രെണ്ടന്‍ ടെറന്റിനെ കോടതിയില്‍ ഹാജരാക്കി. ടെറന്റിനെ വിചാരണ തടവിലേക്ക് മാറ്റിയിരിക്കുകയാണ്. ഏപ്രില്‍ അഞ്ചിന് ടെറന്റിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ക്രൈസ്റ്റ്ചര്‍ച്ചിലെ ഒരു പ്രാദേശിക കോടതിയിലാണ് ടെറന്റിനെ ഹാജരാക്കിയത്.

കൈകളില്‍ വിലങ് അണിയിച്ച് നഗ്‌നപാദനായി രണ്ട് പോലീസുകാരുടെ അകമ്പടിയോടെയാണ് ടെറന്റിനെ കോടതിയില്‍ ഹാജരാക്കിയത്. കോടതിയില്‍ ഒന്നുംമിണ്ടാണ് തയാറാകാതിരിക്കുന്ന ബ്രെണ്ടന്‍, വിചാരണയ്ക്കിടയില്‍ മാധ്യമങ്ങള്‍ തന്റെ ചിത്രം എടുത്തപ്പോള്‍ ക്യാമറ നോക്കി ചിരിച്ചുകൊണ്ട്, വംശീയ മേല്‍ക്കോയ്മയെ സൂചിപ്പിക്കുന്ന “വൈറ്റ് പവര്‍” അംഗവിക്ഷേപം നടത്തുകയും ചെയ്തു. ബ്രെണ്ടന്റെ ചുണ്ടിനു മുകളില്‍ ഒരു മുറിവും കാണാനായി.

കോടതി നിയോഗിച്ച ബ്രെണ്ടന്റെ അഭിഭാഷകന്‍ ബ്രെണ്ടന്റെ പേര് കോടതിയില്‍ വെളിപ്പെടുത്താതിരിക്കാനോ ബ്രെണ്ടന് വേണ്ടി ജാമ്യഅപേക്ഷ നല്‍കാനോ തയാറായില്ല. ബ്രെണ്ടന്റെ മേല്‍ കൂടുതല്‍ കുറ്റങ്ങള്‍ ചാര്‍ത്തപ്പെടാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.

ALSO READ: ന്യൂസിലാന്‍ഡ് പള്ളിയിലെ വെടിവെയ്പ്പ്; കാണാതായവരില്‍ ഒമ്പത് ഇന്ത്യന്‍ വംശജരുമെന്ന് സ്ഥിരീകരണം

രണ്ടു മുസ്ലിം പള്ളികളിലായി 49 നിരപരാധികളുടെ ജീവനെടുക്കുന്നതിന് മുമ്പ് ഇയാള്‍ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മെഷീന്‍ ഗണ്ണുകളുടെ ചിത്രങ്ങളും, തന്റെ പ്രവര്‍ത്തികളെ നീതീകരിക്കുന്ന മാനിഫെസ്റ്റോയും ഇയാള്‍ നേരത്തെ പങ്കു വെച്ചിരുന്നു.

74 പേജുകളുള്ള മാനിഫെസ്റ്റോ കുടിയേറ്റ, ഇസ്ലാം വിരുദ്ധതയെ പറ്റിയാണ് പറയുന്നത്. മുസ്ലിംങ്ങള്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെയും, ഇസ്ലാം മത വിശ്വാസികള്‍ക്കെതിരെ നടത്തേണ്ട ആക്രമണങ്ങളെ പറ്റിയും ഇയാള്‍ തന്റെ മാനിഫെസ്റ്റോയില്‍ വാചാലനാകുന്നുണ്ട്.

ട്രെന്‍ഡിന്റെ ക്രൂരകൃത്യത്തെ സമാധാനകാലത്ത് നടന്ന ഏറ്റവും ഹീനമായ കുറ്റകൃത്യം എന്നാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡണ്‍ പ്രതികരിച്ചത്. ടെറന്റിനെ “തീവ്രവാദി”എന്നാണു ആര്‍ടണ്‍ വിശേഷിപ്പിച്ചത്. രാജ്യസുരക്ഷ അങ്ങേയറ്റം മോശമായത് അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.