വാഷിംഗ്ടണ്‍: ഫെബ്രുവരി അഞ്ച് കശ്മീര്‍- അമേരിക്കന്‍ ദിനമായി പ്രഖ്യാപിക്കണമെന്ന പ്രമേയം ന്യൂയോര്‍ക്ക് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമോയ്ക്ക് മുന്നിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്.
ഫെബ്രുവരി അഞ്ച് പാകിസ്താനിലും കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുന്നുണ്ട്. പ്രമേയം പാസാക്കുന്നതില്‍ ന്യൂയോര്‍ക്കിലെ പാക് കോണ്‍സുലേറ്റ് നിര്‍ണായക സ്വാധീനം വഹിച്ചുവെന്നാണ് അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്.
പ്രമേയം അംഗീകരിക്കാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ തീരുമാനിക്കുകയാണെങ്കില്‍ കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകാനും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നിരീക്ഷണ വിധേയമാകാനും വഴിവെക്കുമെന്നാണ് നിരീക്ഷണങ്ങള്‍.
ഡെമോക്രാറ്റിക് അംഗങ്ങളായ നാദര്‍ സെയ്ഗും, നിക്ക് പെറിയുമാണ് പ്രമേയം അവതരിപ്പിച്ചത്.
കശ്മീരി സമൂഹം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സ്ഥിരോത്സാഹത്തിലൂടെ ന്യൂയോര്‍ക്കിലെ കുടിയേറ്റ സമൂഹത്തിന്റെ നിര്‍ണായക ഭാഗമായി മാറിയെന്ന് ഇരുവരും അഭിപ്രായപ്പെട്ടു,
മനുഷ്യാവകാശങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ന്യൂയോര്‍ക്ക് നല്‍കുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത് കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പരിരക്ഷ അവസാനിപ്പിച്ചതിന് പിന്നാലെ കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു. കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഇന്റര്‍നെറ്റ് നിരോധനമുള്‍പ്പെടെയുള്ള വിഷയങ്ങളും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
ആവശ്യമാണെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ സഹായം നല്‍കാന്‍ ഒരുക്കമാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. കശ്മിര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ യു.എസ് ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടെന്നും സഹായം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. കശ്മീര്‍ വിഷയത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിക്കുമോ എന്ന ചര്‍ച്ചകള്‍ മുറുകുന്നതിനിടയിലാണ് ന്യൂയോര്‍ക്കില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത്.