യുവേഫ ചാമ്പ്യൻസ് ലീഗിന് ബദലായി പുതിയ ലീഗായ യൂറോപ്യൻ സൂപ്പർ ലീഗ് തുടങ്ങാൻ റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നീ ക്ലബ്ബുകൾ 50ലേറെ യൂറോപ്യൻ ക്ലബ്ബുകളെ സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്ത്.
ചാമ്പ്യൻസ് ലീഗിന് ബദലായി പുതിയ ലീഗ് ആരംഭിക്കാൻ തുടക്കം കുറിച്ച ക്ലബ്ബുകളിൽ ബദൽ ലീഗ് എന്ന ആശയത്തിൽ നിന്നും പിന്നോട്ട് പോകാത്ത ക്ലബ്ബുകളാണിവ.
കഴിഞ്ഞ വർഷമാണ് ഫിഫയേയും യുവേഫയേയും വെല്ലുവിളിച്ച് യൂറോപ്യൻ സൂപ്പർ ലീഗ് നടത്താൻ പ്രമുഖ യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകൾ തീരുമാനിച്ചത്.
എന്നാൽ ആരാധകരുടെ പ്രതിഷേധവും ഫിഫയുടെ കർശനമായ മുന്നറിയിപ്പും വന്നതോടുകൂടി യുവന്റസ്, റയൽ, ബാഴ്സ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബ്ബുകൾ ഒഴികെ ബാക്കി യൂറോപ്യൻ ക്ലബ്ബുകളെല്ലാം ബദൽ ലീഗ് എന്ന ആശയത്തിൽ നിന്നും പിന്മാറുകയായിരുന്നു.
60-80 ടീമുകളെ ഉൾപ്പെടുത്തികൊണ്ടുള്ള ഒരു ടൂർണമെന്റായിരുന്നു യൂറോപ്യൻ സൂപ്പർ ലീഗ്. ഒരു ക്ലബ്ബ് 14 മത്സരം മിനിമം കളിക്കുന്ന തരത്തിലുള്ള ഈ ടൂർണമെന്റ് കൂടുതൽ സാമ്പത്തിക ലാഭം മുന്നിൽ കണ്ടായിരുന്നു ആരംഭിക്കാനായി പ്രമുഖ യൂറോപ്യൻ ക്ലബ്ബുകൾ പദ്ധതിയിട്ടത്.
ഇപ്പോൾ ടെലഗ്രാഫാണ് റയലും ബാഴ്സയും യുവന്റസും കൂടി പുതിയ ലീഗിൽ പങ്കുചേരാനായി അമ്പത് ക്ലബ്ബുകളുമായി ചർച്ച നടത്തിയിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.
നിലവിൽ ഭൂരിപക്ഷം പ്രമുഖ യൂറോപ്യൻ ക്ലബ്ബുകളും പിന്മാറിയ യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാവി അനശ്ചിതത്വത്തിലാണ്.
അതേസമയം പ്രമുഖ യൂറോപ്യൻ ലീഗുകളിൽ ആദ്യത്തെ സ്ഥാനങ്ങളിൽ വരുന്ന ക്ലബ്ബുകളാണ് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യരാക്കപ്പെടുന്നത്. ലീഗിന്റെ ക്വാളിറ്റി അനുസരിച്ച് ഒരു ടീം മുതൽ നാല് ടീം വരെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാറുണ്ട്.