പുതിയ യുദ്ധമുന്നണികളെ കുറിച്ചാലോചിക്കും: യു.എസിന് ഇറാന്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്
World News
പുതിയ യുദ്ധമുന്നണികളെ കുറിച്ചാലോചിക്കും: യു.എസിന് ഇറാന്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th October 2023, 7:40 pm

ടെഹ്റാന്‍: യു.എസ് ഇസ്രഈലിന് നല്‍കുന്ന പിന്തുണ തുടരുകയാണെങ്കില്‍ പുതിയ യുദ്ധമുന്നണികളെ കുറിച്ച് ആലോചിക്കുമെന്നും യുദ്ധം വിപുലീകരിക്കാന്‍ ശ്രമിക്കുമെന്നും ഇറാന്‍. ഫലസ്തീനില്‍ വംശഹത്യയും യുദ്ധകുറ്റങ്ങളും നടത്താന്‍ ഇസ്രഈലിന് യു.എസ് പിന്തുണ നല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പുതിയ യുദ്ധമുഖങ്ങള്‍ തുറക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയന്‍ മുന്നറിയിപ്പ് നല്‍കി.

ഫലസ്തീനുവേണ്ടി പോരാട്ടം നടത്തുന്ന ഹമാസ് എന്ന പ്രസ്ഥാനത്തിനെതിരെ ഇസ്രഈല്‍ ഭരണകൂടം നടത്തുന്ന യുദ്ധത്തില്‍ സാധാരണക്കാരായ മനുഷ്യര്‍, പ്രത്യേകിച്ച് നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപെടുന്നതായി അമീര്‍ അബ്ദുള്ളാഹിയന്‍ ചൂണ്ടിക്കാട്ടി.

ആത്മനിയന്ത്രണം കാണിക്കാന്‍ യു.എസ് മറ്റുള്ളവരെ ഉപദേശിക്കുന്നുണ്ടെങ്കിലും, യു.എസ് പൂര്‍ണമായും ഇസ്രഈലിന്റെ പക്ഷത്താണെന്നും അദ്ദേഹം സൂചിപ്പിച്ചു. ആരാണോ അന്താരാഷ്ട്ര നിയമത്തെ കുറിച്ച് സംസാരിക്കുന്നത് അവര്‍ തന്നെയാണ് അധിനിവേശ ശക്തിയോടൊപ്പം നില്‍ക്കുന്നതെന്നും അമീര്‍ അബ്ദുള്ളാഹിയന്‍ പറഞ്ഞു. യു.എസിന്റെ ഇരട്ടത്താപ്പാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഒക്ടോബര്‍ 7 മുതല്‍ ഹമാസും ഇസ്ലാമിക് ജിഹാദും ഇസ്രഈല്‍ ഭരണകൂടത്തിനെതിരെ തങ്ങളുടെ ഏറ്റവും വലിയ ഓപ്പറേഷന്‍ നടത്തിയതിന് ശേഷം ഇസ്രഈല്‍ ഭരണകൂടം ഗസക്കെതിരെ ക്രൂരമായ യുദ്ധം നടത്തുകയാണെന്നും അമീര്‍ അബ്ദുള്ളാഹിയന്‍ വ്യക്തമാക്കി.

ഫലസ്തീന്‍ ജനതയ്ക്കെതിരായ ഇസ്രഈലിന്റെ തീവ്രമായ കുറ്റകൃത്യങ്ങള്‍ക്കുള്ള മറുപടിയാണ് അല്‍-അഖ്സ കൊടുങ്കാറ്റ് എന്ന് വിളിക്കപ്പെടുന്ന അത്ഭുതകരമായ ഫലസ്തീന്‍ ഓപ്പറേഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുദ്ധത്തിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മരണസംഖ്യ 8,000 കടന്നതായി ഗസയുടെ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Content Highlight: New conflict fronts to be considered: Iran government warning to US