Advertisement
World News
ദലൈലാമയുടെ ജന്മദിനമാഘോഷിക്കുന്നതിന് നേപ്പാള്‍ വിലക്കേര്‍പ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 07, 01:22 pm
Sunday, 7th July 2019, 6:52 pm

കാഠ്മണ്ഡു: സുരക്ഷാ കാരണങ്ങളുടെ പേരില്‍ ദലൈലാമയുടെ ജന്മദിനമാഘോഷിക്കുന്നതിന് നേപ്പാള്‍ വിലക്കേര്‍പ്പെടുത്തി. നിരോധനത്തെ തുടര്‍ന്ന് ടിബറ്റന്‍ സമൂഹം സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. രാജ്യത്ത് ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന കാഠ്മണ്ഡു താഴ്‌വരയില്‍ സര്‍ക്കാര്‍ സുരക്ഷയൊരുക്കുകയും ചെയ്തിട്ടുണ്ട്.

‘നുഴഞ്ഞു കയറ്റക്കാര്‍’ ആത്മഹത്യയടക്കമുള്ള പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ജന്മദിനാഘോഷ പരിപാടികള്‍ക്ക് അനുമതി റദ്ദാക്കിയതെന്ന് കാഠ്മണ്ഡു അസിസ്റ്റന്റ് ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്റര്‍ കൃഷ്ണ ബഹാദൂര്‍ കതുവാള്‍ പറഞ്ഞു.

നേപ്പാളില്‍ 20,000ത്തോളം ടിബറ്റുകാരാണുള്ളത്. ടിബറ്റുകാരോടുള്ള നിലപാടില്‍ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് മേല്‍ ചൈന സമ്മര്‍ദ്ദം ചെലുത്തുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.

ദലൈലാമയുടെ എണ്‍പത്തി നാലാമത് ജന്മദിനമാണ് ഇന്ന്. പക്ഷെ ചൈന ദലൈലാമയെ വിഘടനവാദിയായാണ് കാണുന്നത്.