കോഹ്‌ലിയ്ക്കും സ്മിത്തിനും ഇന്നും അന്യം; ടി-20യില്‍ അപൂര്‍വ്വ റെക്കോഡ് സ്വന്തമാക്കി നേപ്പാള്‍ ക്യാപ്റ്റന്‍
Cricket
കോഹ്‌ലിയ്ക്കും സ്മിത്തിനും ഇന്നും അന്യം; ടി-20യില്‍ അപൂര്‍വ്വ റെക്കോഡ് സ്വന്തമാക്കി നേപ്പാള്‍ ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th September 2019, 11:13 am

നേപ്പാള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പരസ് ഖാദ്കയ്ക്ക് ലോകറെക്കോഡ്. ടി-20യില്‍ രണ്ടാമത് ബാറ്റ് ചെയ്ത് സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് ഖാദ്ക രചിച്ചത്.

ലോകോത്തര ബാറ്റ്‌സ്മാന്‍മാരായ വിരാട് കോഹ്‌ലിയ്ക്കും സ്റ്റീവ് സ്മിത്തിനും നേടാനാകാത്ത റെക്കോഡാണിത്. 49 പന്തില്‍ സെഞ്ച്വറി നേടിയ ഖാദ്ക ടി-20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ ഏഷ്യന്‍ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ നാലാമതുമെത്തി.

സിംഗപ്പൂര്‍ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് നേപ്പാള്‍ മറികടന്നത്. 16 ഓവറില്‍ നേപ്പാള്‍ ലക്ഷ്യത്തിലെത്തുമ്പോള്‍ ഖാദ്ക 52 പന്തില്‍ 106 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് ഫോറും ഒമ്പത് സിക്‌സും ഖാദ്കയുടെ ഇന്നിംഗ്‌സിന് മാറ്റുകൂട്ടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടാമത് ബാറ്റ് ചെയ്ത് ഒരു ക്യാപ്റ്റന്‍ നേടിയ ഉയര്‍ന്ന സ്‌കോര്‍ ഇതിന് മുന്‍പ് നെതര്‍ലാന്റിന്റെ പീറ്റര്‍ സീലാറുടേതായിരുന്നു. സ്‌കോട്ട്‌ലാന്റിനെതിരെ സീലാര്‍ 96 റണ്‍സ് നേടിയത് 12 ദിവസം മുന്‍പാണ്.

സ്റ്റീവ് സ്മിത്ത് 90 റണ്‍സും ക്രിസ് ഗെയ്ല്‍ 88 റണ്‍സും രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ നേടിയിട്ടുണ്ട്. 2017 ല്‍ ശ്രീലങ്കയ്‌ക്കെതിരെ 82 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പട്ടികയില്‍ എട്ടാമതാണ്.

നേപ്പാളിനായി സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്ന ഖാദ്കയുടെ പേരില്‍ വേറെയും റെക്കോഡുകളുണ്ട്. നേപ്പാളിനായി ആദ്യമായി ഏകദിനത്തില്‍ സെഞ്ച്വറി നേടിയത് ഖാദ്കയാണ്. ടി-20യില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ പിന്തുടര്‍ന്ന് സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡും സിംഗപ്പൂരിനെതിരായ മത്സരത്തോടെ ഖാദ്ക സ്വന്തമാക്കി.

2018 ഇംഗ്ലണ്ട് ഉയര്‍ത്തിയ 161 റണ്‍സ് പിന്തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ സെഞ്ച്വറി നേടിയതാണ് പഴങ്കഥയായത്. 103 റണ്‍സാണ് മാക്‌സ് വെല്‍ അന്ന് നേടിയിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആരിഫ് ഷെയ്ഖിനൊപ്പം 145 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഖാദ്ക ടി-20 യില്‍ രണ്ടാം വിക്കറ്റില്‍ നേടുന്ന ഉയര്‍ന്ന അഞ്ചാമത്തെ കൂട്ടുകെട്ട് എന്ന റെക്കോഡും പങ്കിട്ടു. ആരിഫ് 39 റണ്‍സ് നേടി.

നേരത്തെ സിംഗപ്പൂര്‍, ക്യാപ്റ്റന്‍ ടിം ഡേവിഡ് നേടിയ 64 റണ്‍സിന്റ മികവിലാണ് മൂന്ന് വിക്കറ്റിന് 151 റണ്‍സ് എന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയത്. നേപ്പാളിന്റെ സ്റ്റാര്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്തത് സിംഗപ്പൂരിന്റെ റണ്ണൊഴുക്ക് നിയന്ത്രിച്ചു.

സിംബാബ്‌വെ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി-20 പരമ്പരയില്‍ നേപ്പാള്‍ നേടുന്ന ആദ്യ വിജയമാണിത്. ആദ്യമത്സരത്തില്‍ സിംബാബ്‌വെയോട് നേപ്പാള്‍ പരാജയപ്പെട്ടിരുന്നു.

WATCH THIS VIDEO: