Kerala News
നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമര റിമാന്‍ഡില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 29, 11:49 am
Wednesday, 29th January 2025, 5:19 pm

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര റിമാന്‍ഡില്‍. ആലത്തൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ചെന്താമരയെ റിമാന്‍ഡില്‍ വിട്ടത്. 14 ദിവസമാണ് റിമാന്‍ഡിന്റെ കാലാവധി. ഫെബ്രുവരി 12 വരെയാണ് റിമാന്‍ഡ്.

കോടതിയുടെ സമീപം വലിയ പൊലീസ് സന്നാഹമാണ് സജ്ജമാക്കിയിരുന്നത്. നിലവിൽ ചെന്താമരയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ചെന്താമരയെ ഇന്നലെ (ചൊവ്വ) പോത്തുണ്ടി മേഖലയില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് പ്രതി പൊലീസ് പിടിയിലായതറിഞ്ഞ് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി വലിയ ജനക്കൂട്ടവും തടിച്ചുകൂടിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വെട്ടുകത്തിവെച്ച് വെട്ടിവീഴ്ത്തുകയായിരുന്നു.

സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന സുധാകരന്റെ അമ്മ മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. തുടർന്ന് 2022ല്‍ നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി. ചെന്താമരയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരന്‍ കഴിഞ്ഞ മാസം 29ന് നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നെന്മാറ പൊലീസ് ചെന്താമരയെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. ഇനി നെന്മാറയിലേക്ക് പോകില്ലെന്നും തിരുപ്പൂരിലേക്ക് പോകുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്.

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെന്താമര തിരുപ്പൂരില്‍ നിന്ന് നെന്മാറയിലെ താമസ സ്ഥലത്തെത്തി. എന്നാൽ ഇത് പൊലീസ് അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് സുധാകരനെയും മീനാക്ഷിയെയും ചെന്താമര കൊലപ്പെടുത്തിയത്.

Content Highlight: Nenmara double murder; Accused Chentamara remanded