ഒരു മകളുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വളര്‍ത്തുവാന്‍ ശ്രമിക്കുമായിരുന്നു
FB Notification
ഒരു മകളുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വളര്‍ത്തുവാന്‍ ശ്രമിക്കുമായിരുന്നു
ഡോ: നെല്‍സണ്‍ ജോസഫ്
Sunday, 24th May 2020, 11:28 pm

മുന്‍പ് പറഞ്ഞിട്ടുള്ളതാണ്, ഒരു മകളുണ്ടായിരുന്നെങ്കില്‍ എങ്ങനെ വളര്‍ത്തുവാന്‍ ശ്രമിക്കുമായിരുന്നു എന്നതിനെക്കുറിച്ച്. ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കണമെന്ന് തോന്നുന്നു…

ഒരിക്കലും അവളുടെ കല്യാണത്തെക്കുറിച്ച് പറയാന്‍ അവസരമൊരുക്കില്ല. വല്ലവന്റെയും വീട്ടില്‍ ചെന്നുകയറലാവരുത് അവളുടെ ജീവിതലക്ഷ്യം.

അവള്‍ക്കിഷ്ടമുള്ളത്രയും പഠിപ്പിക്കണം. സാധിക്കുന്നതുപോലെ..സ്വപ്നം കാണുന്നതിനു ലിമിറ്റ് വയ്ക്കാതെ, ആകാശത്ത് പറക്കാനാണിഷ്ടമെങ്കില്‍ അങ്ങനെ..അതല്ല ഭൂമിയില്‍ നില്‍ക്കാനാണെങ്കില്‍ അങ്ങനെ.

എന്റെ കണ്ണടയും മുന്‍പ് നിന്നെ മറ്റൊരാളുടെ കയ്യില്‍ പിടിച്ചേല്പിച്ചാലേ സമാധാനമാവൂ എന്ന് ഒരിക്കലും പറയാതിരിക്കും. വിവാഹം കഴിഞ്ഞാലും പഠനം തുടരാമെന്ന് പറഞ്ഞ് പറ്റിക്കാതിരിക്കാനും..

സ്വന്തം കാലില്‍ നില്‍ക്കണം. സ്വന്തമായൊരു ജോലി വേണം. അത് ഉപേക്ഷിക്കാന്‍ ഏത് രാജാവിന്റെ മകന്‍ വന്ന് പറഞ്ഞാലും പോയി പണി നോക്കാന്‍ പറയണമെന്ന് പറഞ്ഞുകൊടുക്കും.

പെണ്ണ് ജോലി ചെയ്ത് കുടുംബം പോറ്റേണ്ട ഗതികേട് ഈ വീടിന് ഇല്ല എന്ന് പറയുന്നവര്‍ക്ക് ഓടാന്‍ നീ ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം കൊണ്ട് ഒരു രണ്ടുമുറി കണ്ടം വാങ്ങിച്ച് ഇട്ടോളാന്‍ പറയുമായിരുന്നു.

മുടിയുടെ നീളവും നടപ്പിന്റെ രീതിയും കഴിക്കുന്ന ഭക്ഷണവും പുറത്തിറങ്ങേണ്ട സമയവും തുടങ്ങി സ്വന്തം ശരീരത്തെ ബാധിക്കുന്നതൊക്കെ തീരുമാനിക്കേണ്ടത് നാട്ടുകാരല്ലെന്ന് പറഞ്ഞുകൊടുക്കുമായിരുന്നു.

ഭൂമിയോളം താഴേണ്ട ബാദ്ധ്യതയൊന്നുമില്ലെന്നും തെറ്റിനെ ചോദ്യം ചെയ്യാന്‍ ഭയക്കേണ്ടതില്ലെന്നും പറഞ്ഞുകൊടുക്കുമായിരുന്നു.

വിവാഹം സ്വന്തം തീരുമാനമാണ്. തിരഞ്ഞെടുപ്പ് ചിലപ്പൊ ശരിയായിരിക്കാം. ചിലപ്പൊ തെറ്റുമായിരിക്കാം. തെറ്റാണെങ്കില്‍ തിരുത്തണം എന്ന് തോന്നിയാല്‍ തിരുത്തുന്നതിനും തിരിച്ചുവരുന്നതിനും യാതൊരു വിലക്കുകളുമുണ്ടാവില്ല.

എപ്പൊ തിരിച്ചുവന്നാലും അത് അവളുടെ വീട് തന്നെയാണ്. ഞാന്‍ അവളുടെ അച്ഛനും.

പത്തുമുപ്പത് വയസായ ഒരുത്തനെ നന്നാക്കുക എന്നതല്ല ജീവിതത്തിന്റെ മിഷന്‍ & വിഷന്‍. അതു വരെ നന്നാവാത്തവന്‍ പിന്നെ അന്ന് വരെ പരിചയമില്ലാത്തൊരാള്‍ ഒരു സുപ്രഭാതത്തില്‍ ചെന്ന് പറയുമ്പൊ നന്നാവും…ഉവ്വ..

ഇനി ഒറ്റയ്ക്ക് കഴിയണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനും സമ്മതം.

ഒരാള്‍ ആക്രമിച്ചാല്‍ നഷ്ടമാവുന്നതാണ് മാനമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും മറ്റൊരു അബദ്ധം മാത്രമാണെന്ന് പഠിപ്പിക്കുമായിരുന്നു.

ആത്മാഭിമാനവും ധൈര്യവും സ്വാതന്ത്ര്യവും വിലപ്പെട്ടതാണെന്ന് പറഞ്ഞുകൊടുക്കുമായിരുന്നു. അവള്‍ വളരാന്‍ പോകുന്ന ലോകത്തെക്കുറിച്ച് എനിക്ക് പേടിയാണെങ്കിലും ആ പേടിയെ നേരിടാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു.

എല്ലാം പറഞ്ഞുകൊടുക്കാനുള്ള അറിവൊന്നുമില്ല. അപ്പൊ അതിന് അറിവുള്ളവരുടെ സഹായം തേടുമായിരുന്നു.

എത്രത്തോളം നടക്കുമെന്ന് അറിയില്ല…പക്ഷേ പരമാവധി ശ്രമിക്കും..അത്രയല്ലേ പറയാന്‍ കഴിയൂ..