Entertainment
നീയങ്ങ് അഴിഞ്ഞാടിക്കോയെന്ന് വിനീതേട്ടന്‍; അന്ന് എന്നെ മിസ് ചെയ്യുന്നുവെന്ന് പലരും പറഞ്ഞു: നീരജ് മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 20, 10:01 am
Thursday, 20th February 2025, 3:31 pm

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച സിനിമ ബോക്‌സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

ധ്യാനിനും പ്രണവിനും പുറമെ കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിരയായിരുന്നു ഈ ചിത്രത്തില്‍ ഒന്നിച്ചത്. നീരജ് ‘ഫിയര്‍ലെസ് അലക്‌സ് മാത്യു’ എന്ന കഥാപാത്രമായി കാമിയോ ആയാണ് സിനിമയില്‍ എത്തിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ കണ്ടിട്ട് ഒരുപാട് ആളുകള്‍ വിളിച്ചിട്ടുണ്ടെന്നും ‘ഈ നീരജിനെ ഞങ്ങള്‍ മിസ് ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള പരിപാടിയൊക്കെ ചെയ്തു കൂടെ’ എന്നാണ് അവര്‍ ചോദിച്ചതെന്നും പറയുകയാണ് നീരജ് മാധവ്.

തന്റെ ഏറ്റവും പുതിയ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നീരജ്.

‘എന്റെ മുമ്പുള്ള കഥാപാത്രങ്ങളോട് അടുത്ത് നില്‍ക്കുന്ന ഒരു കഥാപാത്രമായിരുന്നു ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ ചെയ്തത്. അത് ഒരുപാട് ഹ്യൂമറൊക്കെയുള്ള ഒരു കഥാപാത്രമായിരുന്നു. വിനീതേട്ടന്‍ അന്ന് എന്നോട് പറഞ്ഞത് ‘നീ അങ്ങ് അഴിഞ്ഞാടിക്കോ’ എന്നായിരുന്നു.

ഞാന്‍ ആ സമയം ഇത്തരം റോളില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുകയായിരുന്നു. വേറെയൊരു പ്രോസസില്‍ പോയി നില്‍ക്കുകയായിരുന്നു. അപ്പോള്‍ വിനീതേട്ടന്‍ ‘അതൊക്കെ വിട്ടിട്ട് നീ ഇങ്ങോട്ട് വാ’ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ ആ അഞ്ച് മിനിട്ട് റോള്‍ ചെയ്യുന്നത്.

ആ സിനിമ കണ്ടിട്ട് ഒരുപാട് ആളുകള്‍ വിളിച്ചിട്ട് ‘ഈ നീരജിനെ ഞങ്ങള്‍ മിസ് ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള പരിപാടിയൊക്കെ ചെയ്തു കൂടെ’ എന്ന് ചോദിച്ചു. അപ്പോള്‍ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞിരുന്നു. ഞാന്‍ അപ്പോള്‍ അങ്ങനെയൊരു പരിപാടിയുമായി വരുന്നുണ്ടെന്ന് മാത്രം പറഞ്ഞു,’ നീരജ് മാധവ് പറയുന്നു.

Content Highlight: Neeraj Madhav Talks About Varshangalkku Shesham Movie