ഹേറ്റേഴ്‌സ് കാണുന്നതും റിയാലിറ്റിയും; ട്രോളിന് മറുപടി വീഡിയോയുമായി നീരജ് മാധവ്
Film News
ഹേറ്റേഴ്‌സ് കാണുന്നതും റിയാലിറ്റിയും; ട്രോളിന് മറുപടി വീഡിയോയുമായി നീരജ് മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd August 2023, 8:27 am

ഈ വര്‍ഷം ഓണം റിലീസിനൊരുങ്ങുന്ന പ്രധാന മലയാള ചിത്രങ്ങളിലൊന്നാണ് ആര്‍.ഡി.എക്‌സ്. നീരജ് മാധവ്, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ആര്‍.ഡി.എക്‌സ് ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്.

ചിത്രത്തിന്റെ പ്രൊമോഷന്റെ സംഘടിപ്പിച്ട പരിപാടിയില്‍ പാട്ട് പാടുന്ന നീരജ് മാധവിന്റെ വീഡിയോ ട്രോളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തനിക്കൊപ്പം പാടാനായി സദസിനെ നീരജ് ആഹ്വാനം ചെയ്യുന്നതും എന്നാല്‍ എല്ലാവരും മിണ്ടാതിരിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോയിലെ ശബ്ദത്തിനും വ്യക്തത കുറവുണ്ടായിരുന്നു. ഈ ട്രോള്‍ വീഡിയോയ്ക്ക് മറുപടി വീഡിയോ ഇറക്കിയിരിക്കുകയാണ് നിരജ് മാധവ്.

ട്രോള്‍ വീഡിയോയില്‍ തന്റെ പാട്ടിനനുരിച്ച് ആര്‍ത്തുവിളിക്കുന്ന സദസിനൊപ്പമുള്ള വീഡിയോ ചേര്‍ത്താണ് നീരജ് സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കിയിരിക്കുന്നത്. ഹേറ്റേഴ്‌സ് കാണുന്നതും റിയാലിറ്റിയും എന്നും വീഡിയോയില്‍ എഴുതിയിട്ടുണ്ട്. ‘ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഹേറ്റേഴ്‌സ് പറയുമെന്ന’ ക്യാപ്ഷനോടെയാണ് നീരജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നീരജിന് പിന്തുണയുമായി കമന്റ് ബോക്‌സില്‍ സാനിയ ഇയ്യപ്പന്‍, അപര്‍ണ ബാലമുരളി, ആര്‍.ജെ. മിഥുന്‍, ശ്രീനിഷ് എന്നിവരും എത്തി.

ഓഗസ്റ്റ് 25നാണ് ആര്‍.ഡി.എക്‌സ് റിലീസ് ചെയ്യുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ആര്‍.ഡി.എക്സ് നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പ്-അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Neeraj Madhav replies to the troll with a video