'എന്റെ ബയോപിക്കില്‍ നീരജ് ചോപ്ര നായകനാകട്ടെ'; അക്ഷയ് കുമാര്‍
Movie Day
'എന്റെ ബയോപിക്കില്‍ നീരജ് ചോപ്ര നായകനാകട്ടെ'; അക്ഷയ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th August 2021, 5:36 pm

മുംബൈ: ടോക്കിയോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം സമ്മാനിച്ചയാളാണ് നീരജ് ചോപ്ര. ചരിത്ര നേട്ടത്തില്‍ നീരജിന് അഭിനന്ദനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയുടെ ഒരു ഭാഗത്ത് രസകരമായ മറ്റൊരു ചര്‍ച്ചയും നടക്കുകയാണ്.

അഭിമാന നേട്ടം കരസ്ഥമാക്കിയ നീരജ് ചോപ്രയുടെ ജീവിതം സിനിമയായാല്‍ ആരായിരിക്കും അദ്ദേഹത്തെ അവതരിപ്പിക്കുക എന്ന്. നിരവധി ബയോപിക്കുകളില്‍ നായകനായ അക്ഷയ് കുമാര്‍ തന്നെയാകും നീരജിനെയും വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയെന്നാണ് പലരും കമന്റ് ചെയ്തത്.

അത്തരത്തില്‍ അക്ഷയ് കുമാറിന്റെ പഴയ ചില ചിത്രങ്ങളും ട്രോളന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഈ ചര്‍ച്ചകളില്‍ പ്രതികരിച്ച് അക്ഷയ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ന്യൂസ് 18നോടായിരുന്നു അക്ഷയ്‌യുടെ പ്രതികരണം.

‘ നീരജിനോട് സാദൃശ്യം തോന്നുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എന്റെ ആദ്യ ചിത്രമായ സൗഗന്ധിലെ ചിത്രങ്ങളാണ്. ഇത്തരം ട്രോളുകളെ ആസ്വദിക്കുന്നു,’ അക്ഷയ് പറഞ്ഞു.

കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി അക്ഷയ് കൂട്ടിച്ചേര്‍ത്തു. 2018ല്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അവസരത്തില്‍ നീരജ് ചോപ്ര പറഞ്ഞിരുന്നു തന്റെ ജീവിതം സിനിമയാക്കിയാല്‍ അതില്‍ അഭിനയിക്കാന്‍ അക്ഷയ് കുമാറിനെയോ രണ്‍ദീപ് ഹൂഡയെയോ വിളിക്കണമെന്ന്.

‘ഇതേകാര്യം തന്നെയാണ് എനിക്കും പറയാനുള്ളത്. നീരജ് കാണാന്‍ നല്ല ഭംഗിയുള്ള ചെറുപ്പക്കാരനാണ്. ആരെങ്കിലും എന്റെ ബയോപിക്ക് എടുക്കാന്‍ മുന്നോട്ട് വന്നാല്‍ എന്റെ കഥാപാത്രം ചെയ്യാന്‍ നീരജിനെ ക്ഷണിക്കണം,’ എന്നായിരുന്നു അക്ഷയ് പറഞ്ഞത്.

ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടുന്നത്. ഒളിംപിക്‌സ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാം സ്വര്‍ണ്ണമാണിത്. ബീജിംഗ് ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യ അഭിനവ് ബിന്ദ്രയിലൂടെ സ്വര്‍ണ്ണം നേടിയിരുന്നു.

ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്.

അത്ലറ്റിക്സില്‍ ഇന്ത്യ 1900-ല്‍ മെഡല്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോര്‍മന്‍ പ്രിച്ചാര്‍ഡ്. ഇന്ത്യ അന്ന് ബ്രിട്ടീഷ് കോളനിയായിരുന്നു.

1900 ജൂലായ് 22 ന് 200 മീറ്റര്‍ ഓട്ടത്തിലും ഹര്‍ഡില്‍സിലും വെള്ളി മെഡലാണ് പ്രിച്ചാര്‍ഡ് സ്വന്തമാക്കിയത്.

യോഗ്യതാ മത്സരത്തില്‍ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ഫൈനല്‍ ടിക്കറ്റെടുത്തു.

പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഇതോടെ, ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി താരം മാറി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Neeraj Chopra Will Play My Role In My Biopic Says Akshay Kumar