ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷ മുന്നണിയുണ്ടായാല്‍ ആരു നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
മുന്നണിയെ ആര് നയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ താനൊരു രാഷ്ട്രീയ ജ്യോതിഷിയല്ല, എല്ലാം സാഹചര്യം പോലെയിരിക്കുമെന്നാണ് മമത പറഞ്ഞത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഭ്യന്തര വിഷയത്തില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ പ്രതിപക്ഷ ഐക്യം വേണമെന്ന് സോണിയ ഗാന്ധി കരുതുന്നതായാണ് തനിക്ക് തോന്നുന്നതെന്നും മമത പറഞ്ഞു.
താന്‍ ഒരു പ്രതിപക്ഷ മുന്നണിക്ക് ഒരുക്കമാണെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതെ അത്തരം ഒന്ന് അസാധ്യമാണെന്നും മമത നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം മമതയും സോണിയാഗാന്ധിയും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
” സോണിയ ജി എന്നെ ഒരു കപ്പ് ചായയ്ക്ക് ക്ഷണിച്ചു, രാഹുല്‍ ജിയും അവിടെയുണ്ടായിരുന്നു. പെഗാസസ്, രാജ്യത്തെ കൊവിഡ് അവസ്ഥ എന്നിവ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രതിപക്ഷ ഐക്യത്തെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. വളരെ നല്ല മീറ്റിംഗ് ആയിരുന്നു അത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒത്തുചേരേണ്ടതുണ്ട്. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിവരും, ”സോണിയ ഗാന്ധിയുമായുള്ള 45 മിനിറ്റ് ആശയവിനിമയത്തിന് ശേഷം മമതാ ബാനര്‍ജി പറഞ്ഞു.
മമത ബാനര്‍ജി അഞ്ച് ദിവസത്തെ ദല്‍ഹി സന്ദര്‍ശനത്തിലാണ്. അടുത്തിടെ നടന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശേഷം മമത ബാനര്‍ജിയുടെ ദല്‍ഹിയിലേക്കുള്ള ആദ്യ യാത്രയാണിത്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നില്‍ക്കണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് സന്ദര്‍ശനം.