ന്യൂദല്‍ഹി: ബാബരി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെ പാഠപുസ്തകം പ്രസിദ്ധീകരിച്ച് എന്‍.സി.ഇ.ആര്‍.ടി. പ്ലസ് ടു ക്ലാസുകളിലെ പുതിയ പൊളിറ്റിക്‌സ് പാഠപുസ്തകമാണ് വിവാദത്തിലായിരിക്കുന്നത്.
മൂന്ന് മിനാരങ്ങള്‍ ഉള്ള പള്ളിയെന്ന് മാത്രമാണ് ബാബരിയെ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. എന്‍.സി.ഇ.ആര്‍.ടിയുടെ പഴയ പാഠഭാഗത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച പള്ളി എന്നായിരുന്നു ഉണ്ടായിരുന്നത്.
മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം കൊടുക്കുകയും ചെയ്ത കല്യാണ്‍ സിങ്ങിനെതിരെയുള്ള സുപ്രീം കോടതിയുടെ നടപടിയും പുസ്തകത്തിലില്ല. ‘നിയമ നടപടികളില്‍ നിന്ന് സൗഹാര്‍ദപരമായ സ്വീകാര്യതയിലേക്ക്’ എന്ന തലക്കെട്ടിലാണ് ഈ സംഭവത്തെ പുതിയ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.
ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് നടന്ന ബി.ജെ.പിയുടെ രഥയാത്രയും സംഭവത്തിലെ കര്‍സേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയുണ്ടായ വര്‍ഗീയ കലാപം, 1992ല്‍ ബി.ജെ.പി കേന്ദ്രികൃത സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം, അയോധ്യയില്‍ നടന്ന സംഭവങ്ങളില്‍ ബി.ജെ.പി നടത്തിയ ഖേദപ്രകടനം തുടങ്ങിയ വിവരങ്ങളും വെട്ടിമാറ്റിയിട്ടണ്ട്.
നേരത്തെ ബാബരി മസ്ജിദിനെ സംബന്ധിക്കുന്ന മൂന്ന് ഭാഗങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി നീക്കം ചെയ്തിരുന്നു. 16-ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ ജനറല്‍ മിര്‍ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് ബാബരി മസ്ജിദിനെ എന്‍.സി.ഇ.ആര്‍.ടി വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ശ്രീരാമന്റെ ജന്മസ്ഥലത്ത് 1528ല്‍ നിര്‍മിച്ച ഒരു മിനാരങ്ങള്‍ ഉള്ള കെട്ടിടം എന്നാണ് ബാബരിയെ വിശേഷിപ്പിക്കുന്നത്.
നിലവില്‍ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകളാണ് എന്‍.സി.ഇ.ആര്‍.ടി നീക്കം ചെയ്തിരിക്കുന്നത്. 2014 മുതല്‍ ഇത് നാലാമത്തെ തവണയാണ് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നത്.
പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’ എന്ന് ഉപയോഗിക്കണമെന്നും എന്‍.സി.ഇ.ആര്‍.ടി സമിതി ശുപാര്‍ശ ചെയ്തിരുന്നു. പുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രവും ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസിനെ നിരോധിച്ചതും വെട്ടി മാറ്റിയതിന്റെ പിന്നാലെയായിരുന്നു ഈ ശുപാര്‍ശ.
പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം, ഊര്‍ജ സ്രോതസ് തുടങ്ങിയ ഭാഗങ്ങളും എന്‍.സി.ഇ.ആര്‍.ടി നീക്കം ചെയ്തിരുന്നു. പഠനഭാരം കുറക്കാനാണ് തീരുമാനമെന്നായിരുന്നു എന്‍.സി.ഇ.ആര്‍.ടിയുടെ വിശദീകരണം.
Content Highlight: NCERT published the textbook without mentioning the name of Babri Masjid