ന്യൂദല്‍ഹി: പരിഷ്‌കരിച്ച പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര പോരാളിയുമായ മൗലാന അബുല്‍ കലാം ആസാദിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി എടുത്തുക്കളഞ്ഞെന്ന റിപ്പോര്‍ട്ടുമായി ദി ഹിന്ദു പത്രം. ജമ്മു കശ്മീര്‍ ഇന്ത്യയിലേക്ക് ലയിച്ചതുമായി ബന്ധപ്പെട്ട ചരിത്രവും പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് നേരത്തേയും പല ചരിത്ര സംഭവങ്ങള്‍ ഒഴിവാക്കിയിരുന്നു.
‘ഭരണഘടനാ അസംബ്ലിയില്‍ വ്യത്യസ്ത വിഷയങ്ങളിലുള്ള എട്ട് പ്രധാനപ്പെട്ട കമ്മിറ്റിയുണ്ടായിരുന്നു. പ്രധാനമായും ജവഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ പട്ടേല്‍, മൗലാന ആസാദ്, അംബേദ്ക്കര്‍ എന്നിവരായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്മാര്‍. പല കാര്യങ്ങളിലും പരസ്പരം വിയോജിപ്പുള്ളവരായിരുന്നു ഇവര്‍.
ദളിത് സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടത്ര കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും കടുത്ത വിമര്‍ശകനായിരുന്നു അംബേദ്ക്കര്‍. പട്ടേലിനും നെഹ്റുവിനും പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നിരുന്നാലും അവരെല്ലാം ഒരുമിച്ച് പ്രവര്‍ത്തിച്ചു,’ എന്നായിരുന്നു പരിഷ്‌കരണത്തിന് മുന്നേയുള്ള പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായത്തിലെ ആദ്യ ഖണ്ഡിക തുടങ്ങുന്നത്.
എന്നാല്‍ പരിഷ്‌കരിച്ച പതിപ്പില്‍ ആസാദിന്റെ പേര് മാത്രം ഉള്‍പ്പെടുത്തിയില്ല.
ഇതേ പാഠപുസ്തകത്തിലെ പത്താം അധ്യായത്തില്‍ ഫിലോസഫി ഓഫ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന ഭാഗത്ത് നിന്നാണ് ജമ്മു കശ്മീരിന്റെ ചരിത്ര വസ്തുതകള്‍ ഒഴിവാക്കിയിട്ടുള്ളത്. ‘ഉദാഹരണത്തിന് ഇന്ത്യന്‍ യൂണിയനിലേക്കുള്ള ജമ്മു കശ്മീരിന്റെ പ്രവേശനം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള സ്വയം ഭരണാവകാശം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ്’ എന്ന ഭാഗമാണ് ഒഴിവാക്കിയത്.
മുഗള്‍ ചരിത്രവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും എന്‍.സി.ഇ.ആര്‍.ടി. പ്ലസ് ടു ക്ലാസുകളിലെ പുസ്തകങ്ങളില്‍ നിന്ന് സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു.
ചരിത്ര പുസ്തകങ്ങളില്‍ നിന്ന് ‘കിങ്സ് ആന്‍ഡ് ക്രോണിക്കിള്‍സ്’, ‘മുഗള്‍ കോര്‍ട്ട്സ്’ തുടങ്ങിയ പാഠങ്ങളാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്.
12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ നിന്ന് കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ രാജ്യത്തെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ‘റൈസ് ഓഫ് പോപ്പുലര്‍ മൂവ്മെന്റ്സ്’ എന്ന പാഠവും ‘ഇറ ഓഫ് വണ്‍ പാര്‍ട്ടി ഡോമിനന്‍സ്’ എന്ന പാഠവും പരിഷ്‌കരണത്തിന്റെ ഭാഗമായി സിലബസിന് പുറത്തു പോയിരുന്നു.
‘അമേരിക്കന്‍ ഹെജിമണി ഇന്‍ വേള്‍ഡ്’, ‘ദി കോള്‍ഡ് വാര്‍ ഇറ’ എന്നീ പാഠങ്ങളും സിലബസില്‍ നിന്ന് പുറത്തായവയില്‍ ഉള്‍പ്പെടുന്നു.
10, 11 ക്ലാസുകളിലെ പുസ്തകങ്ങളിലും സമാനമായ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. 10ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ നിന്ന് ‘ഡെമോക്രസി ആന്‍ഡ് ഡൈവേഴ്സിറ്റി’, ‘പോപ്പുലര്‍ സ്ട്രഗിള്‍സ് ആന്‍ഡ് മൂവ്മെന്റ്സ്’ എന്നീ പാഠങ്ങളും 11ാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്ന് ‘സെന്‍ട്രല്‍ ഇസ്ലാമിക് ലാന്‍ഡ്സ്’, ‘കണ്‍ഫ്രണ്ടേഷന്‍ ഓഫ് കള്‍ച്ചേഴ്സ്’ എന്നീ ഭാഗങ്ങളുമാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. 2023-24 അധ്യയന വര്‍ഷത്തില്‍ സിലബസ് പ്രാബല്യത്തില്‍ വരുമെന്നാണ് എന്‍.സി.ഇ.ആര്‍.ടി നേരത്തേ അറിയിച്ചിരിക്കുന്നത്.
സിലബസ് പരിഷ്‌കരണത്തിന് നിരവധിയായ കാരണങ്ങളുണ്ടെന്നാണ് എന്‍.സി.ഇ.ആര്‍.ടി പറയുന്നത്. ഒരേ ക്ലാസിലെ തന്നെ മറ്റ് പാഠ്യവിഷയങ്ങളില്‍ സമാന സ്വഭാവമുള്ള പാഠങ്ങള്‍ വരുന്നതും, താഴ്ന്ന ക്ലാസുകളിലോ ഉയര്‍ന്ന ക്ലാസുകളിലോ ഇതേ വിഷയങ്ങള്‍ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുന്നതു കൊണ്ടോ ആണ് ഇപ്പോള്‍ ഈ ഒഴിവാക്കല്‍ നടത്തിയിരിക്കുന്നതെന്നാണ് എന്‍.സി.ഇ.ആര്‍.ടിയുടെ വിശദീകരണം. ഹിന്ദി പുസ്തകങ്ങളില്‍ നിന്ന് ചില കവിതകളും നീക്കം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
content highlight: NCERT omitted Maulana Azad and Kashmir history; In Revised Plus One Political Science Textbook